varalcha

ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ കണക്കുകളനുസരിച്ച് രാജ്യത്ത് 26 ശതമാനമോ അതിൽ കൂടുതലോ ശരാശരി മഴലഭ്യതയിൽ കുറവുണ്ടായാൽ വരൾച്ച അനുഭവപ്പെടും. 26 മുതൽ 50 ശതമാനം വരെ കുറവുണ്ടായാൽ മിതമായും 50 ശതമാനത്തിൽ കൂടുതൽ കുറവുണ്ടായാൽ തീവ്രവരൾച്ചയുമാണ് ഫലം. രാജ്യത്തെ 20 ശതമാനത്തിൽ കൂടുതൽ പ്രദേശങ്ങളിൽ 10 ശതമാനത്തിൽ കൂടുതൽ മഴലഭ്യതയിൽ കുറവുണ്ടായാൽ ദേശവ്യാപകമായി വരൾച്ച ബാധിത പ്രദേശങ്ങളായി കണക്കാക്കുന്നതാണ്.

മഴയുടെ ലഭ്യതയിലും വരൾച്ചയുടെ രീതിയിലും കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. ഇക്കഴിഞ്ഞ വർഷത്തിൽ ശരാശരിയേക്കാൾ 24 ശതമാനം മഴ കൂടുതൽ ലഭിച്ചിട്ടും വേനൽ മഴയിലെ വ്യതിയാനത്തിന് അനുസരിച്ച് ജലക്ഷാമം രൂക്ഷമാവുകയാണ്. കേരളത്തിൽ മഴയുടെ ലഭ്യതയിൽ ഗൗരവമായ ഏറ്റക്കുറിച്ചിലുകൾ കാണാം. തീരദേശങ്ങളിലാണ് മഴയിൽ കുറവുള്ളത്. ഇടനാട് പ്രദേശങ്ങളിൽ താരതമ്യേന നല്ല മഴയും മലനാട് വനപ്രദേശങ്ങളിൽ വലിയ തോതിലുളള മഴയുമാണ് ലഭിക്കുന്നത്.

900 മില്ലി മീറ്റർ മുതൽ 5000 മി. മീറ്റർ വരെ വ്യത്യാസത്തിലാണ് മഴ ലഭിക്കുന്നതെങ്കിലും കേരളത്തിലാകെ ശരാശരി പ്രതിവർഷം 3000 മി. മീറ്റർ മഴയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തിലാണ് തെക്കൻപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കുന്നത്. വർഷത്തിൽ 500 മി. മീറ്ററിനു താഴെ മഴ ലഭിക്കുന്ന ഇടുക്കിയിലെ മറയൂർ, കാന്തല്ലൂർ, വട്ടവട, വയനാട്ടിലെ മുള്ളൻ കൊല്ലി, പുൽപ്പള്ളി, പാലക്കാട് ജില്ലയിലെ വടകര പതി, എരുത്തോംപതി തുടങ്ങിയ മേഖലകളെ മഴ നിഴൽ പ്രദേശങ്ങളെന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. . 5000 മി. മീറ്ററിലധികം ലഭ്യമായിരുന്ന വാർഷിക മഴ ഇക്കഴിഞ്ഞ നൂറുവർഷം കൊണ്ട് 3000 മി. മീറ്ററായി കേരളത്തിൽ കുറഞ്ഞിട്ടുണ്ട്. 44നദികളിൽ നല്ലൊരു ഭാഗവും വേനൽക്കാലത്ത് നീരൊഴുക്ക് ഉണ്ടാകാറില്ല. സമീപപ്രദേശങ്ങളിലെ കിണറുകൾപ്പെടെ വറ്റുന്നതോടൊപ്പം തീരദേശമേഖലകളിൽ ഉപ്പുവെളളം വ്യാപകമായി നദികളിലേയ്ക്ക് തള്ളിക്കയറുന്നുമുണ്ട്.

ഗ്രാമപദേശങ്ങളിലെ പ്രധാന ജലസ്രോതസ്സ് തുറന്ന കിണറുകളാണ്. 78 ലക്ഷം കുടുംബങ്ങൾക്കായി ഏകദേശം 60 ലക്ഷം വരെ കിണറുകൾ കാണുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. സംസ്ഥാനത്തെ 30 ബ്ലോക്കുകളിൽ ഭൂജലവിതാനം ക്രമാതീതമായി താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്. മഴയുടെ ലഭ്യതയിൽ വർദ്ധനവുണ്ടായിട്ടും കേരളത്തിൽ
ജലക്ഷാമമുണ്ടാകുന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. നഗരവത്‌കരണവും ഭൂവിനിയോഗരീതിയിലെ മാറ്റവും ധാരാളമായി ജലസ്രോതസുകളെയാണ് നശിപ്പിക്കുന്നത്. അതുപോലെ കെട്ടിടനിർമ്മാണ രീതികളും പലപ്പോഴും ജലത്തെ ഒഴുക്കി കളയുന്നതാണ്. മുറ്റവും മറ്റിടങ്ങളും വ്യാപകമായി സിമന്റിടുന്നതിനാൽ ഭൂജലത്തിലേയ്ക്ക് മഴവെളളം പോകുന്നതിന്റെ അളവിലും കുറവുണ്ടാകുന്നുണ്ട്. മാത്രമല്ല മണ്ണിന്റെ ജൈവാശവും ജലാഗിരണശേഷിയും കുറഞ്ഞു വരികയാണ്. ഏറ്റവും വലിയ മഴസംഭരണിയായ മണ്ണിലുണ്ടാകുന്ന മാറ്റം ദീർഘകാലത്തിൽ വലിയ വെല്ലുവിളിയാണുയർത്തുന്നത്.

ജലസുരക്ഷ ഉറപ്പാക്കാൻ മഴവെളള സംഭരണം, ഭൂജലപരിപോഷണം എന്നിവയ്ക്ക് വലിയ സാധ്യതയാണുളളത്. ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുളള ഒരു പുരപ്പുറത്ത് പ്രതിവർഷം മൂന്ന് ലക്ഷം ലിറ്ററും ഒരു ഹെക്ടർ ഭൂമിയിൽ ഒരു കോടി ഇരുപതുലക്ഷം ലിറ്ററും മഴയാണ് വീഴുന്നത്.

പുരപ്പുറത്തെ മഴവെളളത്തെ ഫെറോസിമന്റ് ടാങ്കിലും മറ്റ് സംഭരണികളും ശേഖരിക്കാം. മഴവെള്ളത്തെ തുറന്ന കിണറുകളിലേയ്ക്ക് ശുദ്ധീകരിച്ച് കടത്തിവിടുന്ന കിണർ റീചാർജിന് നല്ല സാദ്ധ്യതയാണുളളത്. കൃത്രിമമായി കുളങ്ങൾ തയ്യാറാക്കിയും തടയണകൾ നിർമ്മിച്ചും പരമാവധി മഴയെ കരുതേണ്ടതുണ്ട്. വീഴുന്ന മഴയെ അതാതിടങ്ങളിൽ താഴ്ത്തുകയെന്നതാണ് ജലസംരക്ഷണത്തിലെ പ്രധാനരീതി. തണ്ണീർത്തടങ്ങൾ, വയലുകൾ, നദികൾ, തോടുകൾ, പുഴകൾ, നീരുറവകൾ, മലകൾ, വനങ്ങൾ, കാവുകൾ മറ്റ് ജലാർദ്രമേഖലകൾ എന്നിവയെല്ലാം നിലനിറുത്തിയും ശുദ്ധിയായി പരിപാലിച്ചും മാത്രമെ വരൾച്ചയെ പ്രതിരോധിക്കാനാവൂ.

എല്ലാവർക്കും കുടിവെള്ളം ഉൾപ്പെടെ ലഭ്യമാക്കുന്നതിൽ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപ്രകാരം തന്നെ ഉത്തരവാദിത്വമുണ്ട്. തൊഴിലുറപ്പു പദ്ധതി, സംയോജിത നീർത്തടവികസന പരിപാടി, നബാർഡ് നീർത്തട പദ്ധതികൾ, ജലനിധി തുടങ്ങിയ വിവിധ പദ്ധതികളിൽ ജലസംരക്ഷണത്തിന് വലിയ സാദ്ധ്യതയാണുള്ളത്. നീർത്തടാധിഷ്ഠിത വികസന മാസ്റ്റർ പ്ലാനുകൾ ബ്ലോക്കു പഞ്ചായത്തുകളിലും ജലവിഭവ ഭൂപടം ഗ്രാമപഞ്ചായത്തുകളിലും തയ്യാറാക്കി ലഭ്യമാക്കിയിട്ടുണ്ട്.

വെള്ളത്തിന്റെ സമ്പന്നകാലത്ത് മഴയെ പരമാവധി സംഭരിച്ചും ശേഖരിച്ചും സംരക്ഷിച്ചും വേനലുകൾക്കായി കരുതാം. വരൾച്ചയെ നമുക്ക് ഇല്ലാതാക്കുവാൻ കഴിയില്ല. പക്ഷേ വരൾച്ചക്കാലത്തുണ്ടാകുന്ന കെടുതികൾ നമുക്ക് പ്രതിരോധിക്കാൻ കഴിയും.