australian-open

ആഷ്‌ലി ബാ‌ർട്ടിയും ഡാനിയെല്ലെ കോളിൻസും ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും നാട്ടുകാരിയുമായ ആഷ്‌ലി ബാ‌ർട്ടിയും അമേരിക്കൻ താരം ഡാനിയെല്ലേ കോളിൻസും തമ്മിൽ ഏറ്റുമുട്ടും.

സെമി ഫൈനലിൽ അമേരിക്കൻ താരം മാഡിസൺ കീസിനെ വീഴ്ത്തിയാണ് ബാർട്ടി ആസ്ട്രേലിൻ ഓപ്പൺ ഫൈനലിലെത്തിയത്. 41 വർഷത്തിന് ശേഷമാണ് ഒരു ആസ്ട്രേലിയൻ താരം ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തുന്നത്. 1981ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുൻപ് അവസാനമായി ആസ്‌ട്രേലിൻ ഓപ്പൺ ഫൈനലിൽ എത്തിയത്.

ഇന്നലെ മാഡിസൺ കീസിന്റെ വെല്ലുവിളി മറികടക്കാൻ ബാർട്ടിക്ക് ഒരു മണിക്കൂറും രണ്ട് മിനിട്ടും മാത്രമേ വേണ്ടിവന്നുള്ളൂ. നേരിട്ടുള്ള ഗെയിമുകളിൽ 6-1,6-3നായിരുന്നു ബാർട്ടിയുടെ ജയം. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡണും നേടിയ ബാർട്ടി മൂന്നാം ഗ്രാൻസ്ലാമാണ് ലക്ഷ്യം വയ്ക്കുുന്നത്. 1978ൽ ക്രിസ് ഒ നെയിൽ ചാമ്പ്യനായ ശേഷം മറ്റാരു ആസ്ട്രേലിയൻ താരത്തിന് ലഭാക്കാത്ത ആസ്ട്രേലിയൻ ഓപ്പൺ കിരീടമാണ് ഒരു മത്സരം മാത്രമകലെ ബാർട്ടിക്ക് മുൻപിലുള്ളത്.

മറ്റൊരു സെമിയിൽ പോളിഷ് യുവതാരവും മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായ ഇഗ സ്വയറ്റെക്കിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്തത്തിയാണ് അമേരിക്കയുടെ ഡാനിയെല്ലെ കോളിൻസ് തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലിന് യോഗ്യത നേടിയത്. 6-4,​6-1നായിരുന്നു കോളിൻസിന്റെ വിജയം. മത്സരം 78 മിനിട്ട് നീണ്ടു. രണ്ട് സെറ്റിലും ആദ്യം 4-0ത്തിന്റെ ലീഡ് നേടാൻ 28 കാരിയായ കോളിൻസിന് കഴിഞ്ഞു. ആദ്യ സെറ്റിൽ സ്വയറ്റെക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാം സെറ്റിൽ നിരുപാധികം അടിയറവ് പറയുകയായിരന്നു.നാളെയാണ് ബാർട്ടിയും കോളിൻസും തമ്മിലുള്ല ഫൈനൽ പോരാട്ടം.

പുരുഷ സെമി ഇന്ന്

പുരുഷ സിംഗിൾസ് സെമി ഫൈനലുകൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ 9ന് തുടങ്ങുന്ന ഒന്നാം സെമിയിൽ സ്പാനിഷ് ഇതിഹാസ താരവും മുൻ ചാമ്പ്യനുമായ റാഫേൽ നാദാൽ ഇറ്റാലിയൻ യുവതാരം മാരിയോ ബെരേറ്റിനിയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങുന്ന രണ്ടാം സെമി ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസും റഷ്യൻ താരം ‌ഡാനിൽ മെദ്‌വദേവും തമ്മിൽ ഏറ്റുമുട്ടും.സോണി ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്.