s

1971 ജനുവരി 28 - അന്ന് ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ 90-ാമത് ജയന്തിദിനമായിരുന്നു. ശിവഗിരിയിലെ ആദ്യ മഠാധിപതി ദിവ്യശ്രീ ശങ്കരാനന്ദസ്വാമികൾ പണ്ഡിതവരേണ്യനായ പ്രൊഫ. എം.എച്ച്. ശാസ്ത്രികൾക്ക് ഗുരുദേവകൃതിയായ ആത്മോപദേശശതകത്തിന്റെ ആദ്യമന്ത്രം ഉപദേശിച്ചുകൊടുത്തു. മതമഹാപാഠശാലയുടെ മുഖ്യാചാര്യനായ എം.എച്ച്. ശാസ്ത്രികൾ സബ്രഹ്മചാരികൾക്ക് ഈ മന്ത്രം വീണ്ടും ഉപദേശിച്ചുകൊണ്ട് അദ്ധ്യയനം ആരംഭിച്ചു. ശിവഗിരിമഠത്തിന്റെയും ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും അനുഗൃഹീതമായ പുണ്യമുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്.
ശ്രീനാരായണഗുരുദേവന്റെ മഹിതസങ്കല്പമായ ഈ മതമഹാപാഠശാല ആരംഭിച്ചിട്ട് അൻപതാണ്ട് പിന്നിടുകയാണ്. ബ്രഹ്മവിദ്യാലയം സ്വാമി തൃപ്പാദങ്ങളുടെ തന്നെ ആത്മചൈതന്യം മഹാസങ്കല്പം ചൊരിഞ്ഞ് സ്ഥാപിക്കപ്പെട്ടതാണ്
മതമഹാപാഠശാലയ്ക്ക് അന്ന് ഗുരുദേവൻ വകകൊള്ളിച്ചത് അഞ്ച് ലക്ഷം രൂപയായിരുന്നു. 1924 ലെ അഞ്ച് ലക്ഷം 2022 ൽ 500 കോടി കവിയുമെന്ന് നമുക്കറിയാം. 1924 ലെ മതമഹാസമ്മേളനം കഴിഞ്ഞാണല്ലോ എല്ലാവരും എല്ലാമതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കാൻ ഈ വിശ്വവിജ്ഞാനകേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. എന്നാൽ അത്തരത്തിൽ ഉയർന്നു ചിന്തിക്കാനോ കർമ്മകുശലതയോടെ പ്രവർത്തിക്കാനോ പ്രവർത്തനപദ്ധതികൾ ആവിഷ്‌കരിക്കാനോ സംഘത്തിനോ യോഗത്തിനോ ഗുരുദേവപ്രസ്ഥാനങ്ങൾക്കോ അനുയായിവൃന്ദത്തിനോ സാദ്ധ്യമായില്ല. പരിഷ്‌കൃതി നേടിയെന്ന് അവകാശപ്പെടുന്ന ആധുനികതലമുറയിലെ വിജ്ഞാനികളും വിദ്വത്വരേണ്യന്മാരും ശ്രീനാരായണഗുരുസ്വരൂപവും ദർശനവും സംബന്ധിച്ച് അജ്ഞാനത്തിന്റെ പടുകുഴിയിലാണെന്ന് പറയാതെ വയ്യ. കഴിഞ്ഞദിവസം ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ശ്രീനാരായണഗുരുദേവന്റെ വിഗ്രഹം വഹിച്ച ഫ്‌ളോട്ട് ഒഴിവാക്കപ്പെട്ടതിന്റെ പിന്നിലും ബോധപൂർവമായ ഈ അജ്ഞത കാണാം. പാർലമെന്റ് ഹാളിലും മറ്റും ഭാരതത്തിൽ അത്രയൊന്നും അറിയപ്പെടാത്തവരുടെ ഫോട്ടോകളും വിഗ്രഹങ്ങളും നിറഞ്ഞിരിക്കുമ്പോഴും അവിടെയും ശ്രീനാരായണഗുരുവിന് പ്രവേശനം നിഷേധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭാരതത്തിന്റെ പ്രഥമപൗരനായ രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ഗുരുവിന്റെ ആദ്യ സന്ദേശം മലയാളമൊഴിയിൽത്തന്നെ ചൊല്ലി ,​ അങ്ങനെയുള്ള ഒരു ഭാരതത്തെ സൃഷ്ടിക്കാൻ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനനുസൃതമായ പ്രവർത്തനങ്ങളൊന്നും തുടർന്ന് കാണാനായില്ല.

എന്നാൽ കാലമിനിയും കഴിഞ്ഞിട്ടില്ല. ബ്രഹ്മവിദ്യാലയം ആരംഭിച്ചിട്ട് 50 വർഷമേ ആയിട്ടുള്ളൂ. ശ്രീനാരായണഗുരുദേവന്റെ ഏറ്റവും മഹത്തരമായ മഹാസങ്കല്പമായ ഈ മതമഹാപാഠശാലയെ അർഹിക്കുന്ന പ്രാധാന്യത്തോടെ ഒരു ആദ്ധ്യാത്മിക വിശ്വകലാലയമായി വളർത്തിയെടുക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ശിവഗിരിമഠത്തെ - ശ്രീനാരായണപ്രസ്ഥാനത്തെ സഹായിക്കണമെന്ന് ഞങ്ങളിവിടെ സാദരം അഭ്യർത്ഥിക്കുകയാണ്.
സമബുദ്ധിയോടെ എല്ലാ മതദാർശനിക ചിന്താധാരകളേയും പഠിച്ചറിയാൻ ഉപയുക്തമായ മതമഹാപാഠശാലാ കേന്ദ്രങ്ങൾ ശിവഗിരിമഠത്തിന്റെ ഭാഗമായി ഭാരതത്തിലുടനീളം ഉയരേണ്ടതാണ്. ശ്രീനാരായണ ഗുരുദേവതൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഗുരുദക്ഷിണയായി അത് പ്രകാശിക്കും. കേരളത്തിൽ അത്തരം സർവമത പഠനകേന്ദ്രങ്ങൾ ജില്ലകൾതോറും സ്ഥാപിക്കാൻ ഗവൺമെന്റ് മുന്നോട്ടുവരുമെന്ന ശുഭപ്രതീക്ഷയാണ് ശിവഗിരിമഠത്തിനുള്ളത്. സംസ്‌കൃതകോളേജിലെ എം.എ. വരെയുള്ള പാഠപദ്ധതിയ്ക്ക് സമാനമായതും ഭാരതീയ വേദാന്തശാസ്ത്രങ്ങളും ഷഡ്ദർശനവും, ഭാഷ്യത്തോടെയുള്ള പ്രസ്ഥാനത്രയവും (ഉപനിഷത്ത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം) പ്രകരണഗ്രന്ഥങ്ങളും ഹൈന്ദവ,​ ബുദ്ധ,​ ക്രൈസ്തവ,​ ഇസ്ലാം മതപഠനവും അവൈദികദർശനങ്ങളും ഉൾപ്പെടെയുള്ള പാഠ്യപദ്ധതിയാണ് ഇപ്പോൾ മതമഹാപാഠശാലയ്ക്കുള്ളത്. ഒപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഭാരതീയകലകളുടെ പഠനപരിശീലനങ്ങളും പാശ്ചാത്യവും പൗരസ്ത്യവുമടങ്ങിയ ദാർശനിക സിദ്ധാന്തങ്ങളുമുൾപ്പെടുത്തിയ പഠനക്രമം രൂപീകരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. കേന്ദ്രസംസ്‌കൃത പ്രതിഷ്ഠാനുമായി ബന്ധപ്പെടുത്തി സർട്ടിഫിക്കറ്റ് കോഴ്സ് നടത്താനും പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ പഠിച്ചിറങ്ങുന്നവർക്ക് ജോലികൾ കരസ്ഥമാക്കാനും സാധിക്കുമല്ലോ. ഇപ്പോൾത്തന്നെ ബ്രഹ്മവിദ്യാലയത്തിൽനിന്നും പഠിച്ചിറങ്ങിയ നിരവധിപേർ കേരളത്തിൽ കോളേജ് സ്‌കൂൾ തലങ്ങളിൽ സംസ്‌കൃതാധ്യാപകരായിട്ടുണ്ട് .

കേന്ദ്രസംസ്‌കൃത പ്രതിഷ്ഠാനവുമായി ബന്ധപ്പെട്ട പഠനകോഴ്സാകുമ്പോൾ സാധാരണക്കാർക്ക് ഔദ്യോഗികജീവിതത്തിലേക്ക് പ്രവേശിക്കാനും സഹായകമാകുമല്ലോ.
ആത്മീയതയിൽ അടിയുറച്ച സാമൂഹികജീവിതമാണ് ഗുരുദേവദർശനത്തിന്റെ അടിസ്ഥാനതത്വം. മഹാഗുരുവിന്റെ 73 വർഷത്തെ ദിവ്യജീവിതവും അവിടുത്തെ കൃതികളും ഈ സത്യത്തെ സാധൂകരിക്കുന്നു. ആത്മീയമായുള്ള അറിവ് കരസ്ഥമാക്കാതെയുള്ള ജീവിതം മനുഷ്യനെ ദുഃഖത്തിലാഴ്ത്തും. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ പ്രവർത്തനം കൊണ്ടുമാത്രമേ ആത്മീയസംസ്‌കൃതിയിലൂന്നിയ ജനസമൂഹത്തെ വാർത്തെടുക്കാനാവൂ. എങ്കിൽ മാത്രമേ ശ്രീനാരായണസമൂഹത്തെയും ശ്രീനാരായണപ്രസ്ഥാനത്തെയും ശക്തമാക്കാൻ സാധിക്കൂ. ഇക്കാര്യത്തിൽ മുഴുവൻ ശ്രീനാരായണഭക്തരുടെയും സജ്ജനങ്ങളുടെയും സഹകരണം ഞങ്ങൾ പ്രത്യാശിക്കുകയാണ്. ബ്രഹ്മചാരികളെ ഉദ്ദേശിച്ചുള്ള ഏഴ്

വർഷകോഴ്സ് കൂടാതെ അവിവാഹിതരായിക്കഴിയുന്ന മദ്ധ്യവയസ്‌കരെ ഉദ്ദേശിച്ച് ഹ്രസ്വകാലകോഴ്സുകൾ ആരംഭിക്കാനും ആലോചനകൾ നടക്കുകയാണ്. 60 വയസ് കഴിഞ്ഞാൽ ഗൃഹസ്ഥാശ്രമികൾ അദ്ധ്യാത്മികജീവിതത്തിൽ ശ്രദ്ധാലുക്കളാകണമെന്ന് ഗുരുദേവൻ വിധിച്ചിട്ടുണ്ട്. ത്യാഗികളായ സജ്ജനങ്ങളെയും സർവീസിൽ നിന്നും പെൻഷൻപറ്റിയ അരോഗദൃഢഗാത്രരെയും ഉദ്ദേശിച്ച് ആറുമാസമോ രണ്ടുവർഷമോ നീണ്ട കോഴ്സുകൾ ബ്രഹ്മവിദ്യാലയത്തിന്റെ ഭാഗമായി നടത്താനും ആലോചനയുണ്ട്. ഇതുസംബന്ധമായ തീരുമാനം പിന്നാലെ അറിയിക്കുന്നതായിരിക്കും. ഈ പാഠശാലയിലെ പഠിതാക്കളുടെ മുഴുവൻ ചെലവുകളും ശിവഗിരിമഠമാണ് വഹിക്കുന്നതെന്നും അറിയിച്ചുകൊള്ളട്ടെ.
ആത്മവിദ്യ എന്നത് ഭഗവാന്റെ വിഭൂതിയാണ്. യാതൊന്നിനെ അറിഞ്ഞുകഴിഞ്ഞാൽ എല്ലാം അറിഞ്ഞതായിത്തീരുമോ അതാണ് ബ്രഹ്മവിദ്യ. മതമഹാപാഠശാലയിലെ പഠനംകൊണ്ട് രണ്ടുകാര്യങ്ങളാണ് ലക്ഷ്യമാക്കേണ്ടത്. ഒന്ന് പഠനം പൂർത്തിയാക്കി വാസനയും യോഗ്യതയുമുള്ളവർ സംന്യാസദീക്ഷ സ്വീകരിച്ച് ഗുരുദേവൻ സ്ഥാപിച്ച സംന്യാസിസംഘത്തിൽ അംഗമായിച്ചേർന്ന് ലോകസേവ ചെയ്യുക. രണ്ട്,​ സംന്യാസം സാദ്ധ്യമല്ലാത്തവർ ഉത്തമ ഗൃഹസ്ഥാശ്രമികളായി ജാതിമതാദി ചിന്താഗതികൾക്കതീതരായ വിശ്വപൗരന്മാരാകുക. ഗുരുദേവധർമ്മത്തിലധിഷ്ഠിതമായ ഈ രണ്ടുകൂട്ടരെയും മറ്റെന്തിനേക്കാളുമുപരി രാജ്യത്തിന് ഇന്നാവശ്യമാണ്.
ബ്രഹ്മവിദ്യാലയവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ

ജനറൽ സെക്രട്ടറി, ശിവഗിരിമഠം, വർക്കല 695 141, തിരുവനന്തപുരം ജില്ല എന്ന വിലാസത്തിലോ sivagirimutt@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.