ghgy

തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ട് പോകാനെത്തിയ അദ്ധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ്.ഐക്കും അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഡി വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൂന്തുറ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപകനായ ജാക്‌സൻ, 2021 ഏപ്രിൽ 22ന് താൻ നേരിട്ട അപമാനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ്.ഐയും ഒരു പൊലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്‌തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പൊലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും പൊലീസ് നടപടിയെ ന്യായീകരിച്ചതു കാരണം റിപ്പോർട്ട് കമ്മീഷൻ തള്ളി. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിക്കാരൻ തന്റെ മകളെ വിളിക്കാനാണ് സ്ഥലത്തെത്തിയതെന്ന കാര്യം പൊലീസിന് അറിവുണ്ടായിരുന്നുവെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. എസ്.ഐയുടെ കൃത്യ നിർവഹണം പരാതിക്കാരൻ തടസപ്പെടുത്തിയിട്ടില്ല. ഒരു തർക്കം മാത്രമാണ് ക്രൈം കേസിന് കാരണമായത്. തന്റെ മകൾക്ക് മുന്നിൽവച്ച് ഗ്രേഡ് എസ്.ഐ മോശമായി പെരുമാറിയത് പരാതിക്കാരന് മനോവിഷമത്തിന് കാരണമായിട്ടുണ്ട്. സ്‌കൂളിന് മുന്നിലുണ്ടായിരുന്ന രക്ഷകർത്താക്കൾ ഒരു ക്രിമിനൽ പ്രവൃത്തിക്കും എത്തിയതല്ലെന്ന് എസ്.ഐ മനസ്സിലാക്കണമായിരുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു.