
കോട്ടയം: നഗരമധ്യത്തിൽ സ്ത്രീയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ ഗംഭീർ സിംഗ് (30)നെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയ സ്ത്രീയെ മദ്യലഹരിയിൽ എത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ത്രീ ബഹളം വച്ചതോടെ മറ്റ് യാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ഇയാളെ പിടികൂടി. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റാൻഡ് പരിസരത്തെ സ്ഥിരം ശല്യക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇവിടെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമുണ്ടാകുന്നത്. ദിവസങ്ങൾക്ക് മുൻപാണ് സ്റ്റാൻഡിൽ എത്തിയ രണ്ട് വീട്ടമ്മമാരെ കടന്നുപിടിച്ചയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്.