
സോൾ : വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലെന്ന് കരുതുന്ന രണ്ട് വസ്തുക്കൾ ഇന്നലെ കിഴക്കൻ കടലിൽ പതിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു. ഈ മാസം നടക്കുന്ന ആറാമത്തെ വിക്ഷേപണമാണിത്.
പ്രാദേശിക സമയം രാവിലെ എട്ടോടെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള ഹാംഹംഗിൽ നിന്നായിരുന്നു വിക്ഷേപണം. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടലിലാണ് മിസൈലുകൾ പതിച്ചത്.
നേരത്തെ ഉത്തര കൊറിയ അടിയ്ക്കടി നടത്തിയ മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ജപ്പാനും ഉത്തര കൊറിയയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, മുന്നറിയിപ്പുകൾ തള്ളിയ ഉത്തര കൊറിയ വീണ്ടും ആയുധ പരീക്ഷണങ്ങൾ തുടരുകയാണ്.