fdgft

കിഴക്കമ്പലം: കൊവിഡ് വ്യാപനസാഹചര്യത്തിൽ പൊലീസ് പരിശോധന കുറഞ്ഞതോടെ ഗ്രാമീണമേഖലയും ലഹരിമാഫിയയുടെ പിടിയിലായി. ഇതോടെ ഫ്രീക്കന്മാരുടെ 'മരുന്നടി' ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി. ഹൈസ്‌കൂൾതലം മുതലുള്ള വിദ്യാർത്ഥികളിൽ മിക്കവരും അറിഞ്ഞോ അറിയാതെയോ ഈ ലഹരിസംഘത്തിന്റെ വലയിലാണ്. ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും ഇവരുടെ വിളയാട്ടം. ഇവരെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും വേണ്ടിവന്നാൽ ആക്രമിക്കുകയും ചെയ്യും. ഇക്കാരണത്താൽ പലരും ഈ വിവരം പൊലീസിൽ അറിയിക്കാൻ മടിക്കുകയാണ്.

കഴിഞ്ഞദിവസം സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ ചേലക്കുളത്തിനടുത്ത് വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് കഞ്ചാവിനെ കൂടാതെ ഹഷീഷ്ഓയിലും എം.ഡി.എം.എ അടക്കം മാരകലഹരിമരുന്നാണ് എക്സൈസ് സംഘം പിടിച്ചത്.

 ആഡംബരജീവിതത്തിനായി

ജീവിതം ആർഭാടമാക്കാനാണ് വിദ്യാർത്ഥികൾ ഇത്തരം സംഘത്തിൽ ചെന്നുചാടുന്നത്. വിലകൂടിയ ബൈക്കും വസ്ത്രങ്ങളുമടക്കം എന്തിനുമേതിനും തുക മാഫിയ ഇവർക്ക് നൽകിയാണ് കൂടെനിർത്തുന്നത്. തടിയിട്ടപറമ്പ് പൊലീസ് സ്‌​റ്റേഷൻ പരിധിയിലെ പുക്കാട്ടുപടി, പഴങ്ങനാട്, ചെമ്മലപ്പടി, താമരച്ചാൽ വയലോരം, കുന്നത്തുനാട് സ്റ്റേഷൻ പരിധിയിലെ ഞാറള്ളൂർ എന്നിവിടങ്ങളിൽ മയക്കുമരുന്ന് മാഫിയാസംഘങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്നതായി പരാതിയുണ്ട്. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് പൊലീസുകാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ് നാട്ടിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകാൻ പ്രധാനകാരണം.

 വില്പന ഫുഡ് പാഴ്‌സലിന്റെ മറവിൽ

വിദ്യാർത്ഥികളെ സ്വാധീനിക്കാൻ ലഹരി മാഫിയകൾ പുതുവഴികൾ തേടിക്കഴിഞ്ഞു. വിവിധ ഓൺലൈൻ മാർക്ക​റ്റിംഗുകളിലെ വിതരണക്കാരുടെയും ആഹാര സാധനങ്ങളുടെ പാഴ്‌സൽ വില്പനയുടെയും മറവിലാണ് മയക്കുമരുന്നുകളുടെ വിതരണം. വിവിധ ബ്രാൻഡഡ് കമ്പനികളുടേതെന്ന് തോന്നിപ്പിക്കും വിധമുള്ള വേഷവിധാനങ്ങളും, വ്യാജ ഐ.ഡി കാർഡുകളും ഇത്തരക്കാരുടെ കൈയിലുണ്ട്. പലപ്പോഴും പൊലീസ് ഇവരെ പരിശോധിക്കാറില്ലെന്നതും മറയാണ്.

 പ്രതികൾ പ്രായപൂർത്തിയാകാത്തവർ

നാട്ടിൻപുറങ്ങളിൽ കഞ്ചാവ് മാത്രമല്ല നാക്കിനടിയിൽ വെച്ചാൽ അലിഞ്ഞുപോകുന്ന ഗുളികപോലുള്ള ലഹരിവസ്തുക്കളും എൽ.എസ്.ഡി സ്​റ്റാമ്പുകളും വരെ വില്പനയ്‌ക്കെത്തുന്നുണ്ട്. ഇക്കാര്യം പൊലീസിൽ അറിയിച്ചാലും തിരിഞ്ഞുനോക്കാറില്ലെന്ന പരാതിയുണ്ട്. ഇത്തരക്കാരെ പിടികൂടിയാലും പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ പൊലീസ് നടപടി ശക്തമാക്കാറില്ല.