
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാലുള്ള ദോഷവശങ്ങളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. ഇതു മൂലമുണ്ടാകുന്ന പ്രമേഹം പോലെയുള്ള രോഗാവസ്ഥയെ നിയന്ത്രിച്ചു നിറുത്താനുള്ള വിവിധ ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതു പോലെ തന്നെ അപകടകരമാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞാലും സംഭവിക്കുന്നത്.
ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. രക്തത്തിലെ പഞ്ചസാര 60 മില്ലിഗ്രാമിൽ താഴുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ ഗുരുതരമാകുന്നത്. ഇങ്ങനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ വിറയൽ, ഉയർന്ന ഹൃദയമിടിപ്പ്, അമിതമായ വിയർപ്പ്, കണ്ണിൽ ഇരുട്ട് കയറൽ, തലകറക്കം തുടങ്ങിയ വിവിധ ലക്ഷണങ്ങൾ പ്രകടമാകും. ഈ സാഹചര്യത്തിൽ ഒരു ടേബിൾ സ്പൂൺ ഗ്ലൂക്കോസ്, പഴച്ചാറ്, കരിക്കിൻ വെള്ളം എന്നിവയിലേതെങ്കിലും നല്കാവുന്നതാണ്. അബോധാവസ്ഥയിലാണെങ്കിൽ ഗ്ലൂക്കോസ് ഡ്രിപ്പ് മാത്രമേ നൽകാവൂ. ഇങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാനായി പ്രത്യേകിച്ചും പ്രമേഹ രോഗികൾ ഭക്ഷണക്രമം, വ്യായാമം,
ഇൻസുലിൻ കുത്തിവയ്പ്പ് എന്നീ വിഷയങ്ങളിൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.