
ബോളിവുഡിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നടനാണ് നവാസുദ്ദീൻ സിദ്ദിഖി. ഇന്ത്യൻ സിനിമയിലെ നായക സങ്കൽപ്പങ്ങളെ തിരുത്തികുറിച്ച പ്രകടനമായിരുന്നു ഓരോ സിനിമയിലും നവാസുദ്ദീൻ സിദ്ദിഖിയുടേത്. ലോകോത്തര നിലവാരമുള്ള പ്രകടനം വിവിധ സിനിമകളിലൂടെ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.
ദാരിദ്ര്യത്തോട് പടവെട്ടിയാണ് അദ്ദേഹം ഇന്ന് ബോളിവുഡിലെ വിലപറഞ്ഞ അഭിനേതാക്കളിൽ ഒരാളായി മാറിയത്.
ഇത്രയും നീണ്ട പോരാട്ടത്തിനൊടുവിൽ മുംബയിൽ ഒരു ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ് താരം. തന്റെ സ്വപ്നം പൂർത്തിയാക്കാൻ മൂന്നുവർഷമാണ് നവാസുദ്ദീൻ എടുത്തത്. വാനോളം എത്തിയെങ്കിലും ഇപ്പോഴും തന്റെ കാലുകൾ മണ്ണിൽ തന്നെയാണെന്ന് ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം. ഗ്രാമത്തിലെ അദ്ദേഹത്തിന്റെ പഴയ വീട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് വീടിന്റെ ഘടനയെന്ന് താരം പറയുന്നു. താൻ ആഗ്രഹിക്കുന്നതുപോലെയുള്ള വീട് ലഭിക്കാൻ നടൻ തന്നെ ബംഗ്ലാവ് നവീകരണത്തിനായി ഇന്റീരിയർ ഡിസൈനറുടെ റോൾ ഏറ്റെടുക്കുകയായിരുന്നു.
തന്റെ വീടിന് പേരിടുന്നതിലും താരം വേറിട്ടു നിന്നു. ഒരാൾ തന്റെ സ്വപ്നത്തിന് എങ്ങനെ പേരിടും? ഒരു പേര് ഒരാളുടെ ഹൃദയത്തിൽ വേരൂന്നിയ ഒന്നാണ്, ഷാരൂഖ് ഖാൻ തന്റെ ബംഗ്ലാവിന് 'മന്നത്ത്' എന്ന് പേരിട്ടത് പോലെ അത് അദ്ദേഹത്തിന്റെ മന്നത്ത് അഥവാ ആഗ്രഹം ആയിരുന്നു. അതിനാൽ നവാസ് തന്റെ പിതാവിന്റെ സ്മരണയ്ക്കായി ബംഗ്ലാവിന് ' നവാബ്' എന്ന് പേരിട്ടുവെന്ന് നവാസുദ്ദിൻ പറയുന്നു.
