shwetha-tiwari

ഭോപാൽ: അനവസരത്തിൽ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞ ഒരു തമാശ കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ഹിന്ദി സീരിയൽ താരം ശ്വേത തിവാരി. ഇന്നലെ ഭോപാലിൽ വച്ച് തന്റെ പുതിയ ടി വി പരമ്പരയുടെ പ്രചരണാ‌ത്ഥം നടന്ന പത്രസമ്മേളനത്തിൽ വച്ചായിരുന്നു ശ്വേതയുടെ വിവാദ പ്രസ്താവന. തന്റെ ബ്രായുടെ സൈസ് ഇപ്പോൾ എടുക്കുന്നത് ഭഗവാൻ ആണെന്നായിരുന്നു ശ്വേതയുടെ വിവാദ പ്രസ്താവന.

'മഹാഭാരതം' പരമ്പരയിൽ ഭഗവാൻ കൃഷ്ണനെ അവതരിപ്പിച്ച നടൻ സൗരഭ് ജയിനിനെ ഉദ്ദേശിച്ചായിരുന്നു ശ്വേതയുടെ വാക്കുകൾ. ശ്വേത നായികയായെത്തുന്ന പുതിയ പരമ്പരയിൽ ഒരു ബ്രാ തുന്നൽക്കാരന്റെ വേഷമാണ് സൗരഭ് ജയിനിന്. സൗരഭിന്റെ മഹാഭാരതത്തിലെ കഥാപാത്രത്തെകുറിച്ച് ചോദ്യം ഉയ‌ർന്നപ്പോഴായിരുന്നു ശ്വേത ഇത്തരത്തിൽ പ്രതികരിച്ചത്. പത്രസമ്മേളനത്തിൽ ശ്വേതയെയും സൗരഭിനെയും കൂടാതെ അഭിനേതാക്കളായ രോഹിത് റോയ്, ദിഗംഗന സൂര്യവംശി എന്നിവരും പങ്കെടുത്തിരുന്നു.

ശ്വേതയുടെ വാക്കുകൾക്കെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഭഗവാൻ കൃഷ്ണന്റെ പേര് അശ്ലീലവാക്കുകളുടെയൊപ്പം ഉപയോഗിച്ചുവെന്നതാണ് നടിക്കെതിരെയുള്ള ആരോപണം. നടിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര വ്യക്തമാക്കി.