kk

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ചർച്ചകൾ സജീവമാകുമ്പോൾ ചർച്ചയാവുകയാണ് സിംഗപ്പൂരിൽ രണ്ട് ആൺകുട്ടികൾ നൽകിയ പരാതി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ലഭിച്ച ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ക്ലാസിലാണ് രണ്ടുവർഷം തങ്ങൾ ഡാൻസ് ടീച്ചറിൽ നിന്ന് അനുഭവിച്ചത് ലൈംഗിക പീഡനമാണെന്ന് തിരിച്ചറിഞ്ഞത്.

തലസ്ഥാന നഗരത്തിലെ പ്രമുഖ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തുവന്നത്. നാലാം ക്ലാസ് വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ ഡാന്‍സ് പഠിപ്പിക്കാന്‍ പുറത്തുനിന്ന് വന്ന അദ്ധ്യാപകന്‍ തങ്ങളെ ലൈംഗികമയി ഉപദ്രവിച്ചു എന്നാണ് കുട്ടികള്‍ മാതാപിതാക്കളോടും അദ്ധ്യാപകരോടും പരാതിപ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു . ഫ്രീലാന്‍സ് നൃത്താദ്ധ്യാപകനായ 42-കാരനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സിംഗപ്പൂര്‍ കോടതി കഴിഞ്ഞ ദിവസം 46 മാസം തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ക്ക് ആറ് ചാട്ടവാറടി നല്‍കാനും കോടതി വിധിച്ചു.

2018-ലാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടക്കുന്നത്. നടന്ന സംഭവത്തെക്കുറിച്ച് പുറത്തുപറയാന്‍ തങ്ങള്‍ക്ക് ഭയമായിരുന്നു. ഇതൊക്കെ ശരിയോ തെറ്റോ എന്ന കാര്യവും അറിയില്ലായിരുന്നു. ആറാം ക്ലാസില്‍ എത്തിയപ്പോള്‍ ലൈംഗിക വിദ്യാഭ്യാസ ക്ലാസ് ലഭിച്ചു. അപ്പോഴാണ് തങ്ങള്‍ക്കെതിരെ നടന്നത് കുറ്റകൃത്യമാണെന്ന് ബോധ്യമായതും വീട്ടുകാരെ വിവരമറിയിച്ചതുമെന്നും പരാതിയില്‍ പറയുന്നു. പരിശിീലനത്തിനിടെ ഡാന്‍സ് റൂമിലും പുറത്തും വെച്ച് ഇയാൾ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.ഡാന്‍സ് പരിശീലനത്തിനിടെ അധ്യാപകന്‍ തന്റെ പിറകില്‍വന്ന് നിന്ന് അടിവസ്ത്രത്തിനുള്ളില്‍ കൈയിടുകയും ലിംഗത്തില്‍ പിടിക്കുകയും ചുംബിക്കുകയും ചെയ്തു. മറ്റൊരിക്കല്‍, ടോയ്‌ലറ്റിനകത്തുവെച്ച് നിർബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

അഞ്ചിലേറെ തവണ ഇതേ അനുഭവം അധ്യാപകനില്‍നിന്നും ഉണ്ടായതായി രണ്ടാമത്തെ കുട്ടിയുടെ പരാതിയി പറയുന്നു. അദ്ധ്യാപകനെതിരെ മറ്റുകുട്ടികളും പരാതിയുമായി രംഗത്ത് വന്നിരുന്നു.