train

ആലുവ: ട്രാക്ക് മാറുന്നതിനിടെ ചരക്ക് ട്രെയിൻ പാളം തെറ്റി അപകടമുണ്ടായ ആലുവയിൽ തടസം ഇന്ന് രാവിലെ 10 മണിയോടെ നീക്കും. തടസം വൈകാതെ നീക്കുമെന്ന് റെയിൽവെ ഡിവിഷണൽ മാനേജർ അറിയിച്ചു. ആലുവയിൽ വച്ച് വ്യാഴാഴ്‌ച രാത്രി 10.30ഓടെയായിരുന്നു ട്രെയിൻ പാളം തെറ്റിയത്. ആലുവ ഗുഡ്‌ഷെഡ് യാർഡിലേക്ക് നീങ്ങുന്നതിനായി ട്രാക്ക് മാറുമ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് റെയിൽവെ ഡിവിഷണൽ മാനേജർ ആർ. മുകുന്ദ് അറിയിച്ചു.

അപകടത്തെ തുടർന്ന് നാല് ട്രെയിനുകൾ റെയിൽവെ റദ്ദാക്കി. ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്‌പ്രസ്, കണ്ണൂ‌ർ ഇന്റർസിറ്റി എക്‌സ്‌പ്രസ്, പുനലൂർ-ഗുരുവായൂർ, നിലമ്പൂർ-കോട്ടയം എക്‌സ്‌പ്രസുകളാണ് റദ്ദാക്കിയത്. എറണാകുളം-പൂനെ എക്‌സ്‌പ്രസ് മൂന്ന് മണിക്കൂറോളം വൈകുമെന്നും റെയിൽവെ അറിയിച്ചു. രാത്രി രണ്ടുമണിയോടെ സ്ഥലത്ത് റെയിൽ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.