arun-kumar

അബുദാബി: 13വർഷമായി അബുദാബിയിലെ ഒരു ആശുപത്രിയിൽ ഓപ്പറേറ്റിംഗ് തിയറ്റർ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് മലയാളിയായ അരുൺകുമാർ എം നായർ. കൊവിഡ് രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിലും മുൻനിര പ്രവർത്തകനായി കൊവിഡിനെതിരെ പോരാടിയ വ്യക്തിയാണ് അദ്ദേഹം.

കഴിഞ്ഞ ജൂലായിലാണ് അരുൺകുമാറിന് കൊവിഡ് പിടിപെട്ടത്. പരിശോധനയിൽ പോസിറ്റീവായതോടെ അരുൺ സ്വയം ക്വാറൻ്റീൻ ചെയ്തു. എന്നാൽ ക്വാറന്റീനിലിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. കഠിനമായ ശ്വാസതടസത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിന് ഗുരുതരമായ അണുബാധയുണ്ടെന്ന് കണ്ടെത്തി. താമസിയാതെ അരുണിന് ശ്വസിക്കാനായി കൃത്രിമ ശ്വാസകോശത്തിന്റെ സഹായം വേണ്ടിവന്നു. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്കോപ്പി എന്നിവയും നടത്തി. അബുദാബിയിലെ വിപിഎസ് ഹെൽത്ത് കെയറാണ് അരുണിന്റെ ചികിത്സയ്ക്കായി 50ലക്ഷം രൂപ ധനസഹായം നൽകിയത്.

118 ദിവസം കൃത്രിമ ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച അരുൺ ഇപ്പോൾ അത്ഭുതകരമായി രോഗമുക്തി നേടിയിരിക്കുകയാണ്. നാട്ടിലെത്തി കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ ഒരുങ്ങുകയാണ് അദ്ദേഹമിപ്പോൾ . അരുണിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുമെന്നും ഹെൽത്ത് കെയർ ഗ്രൂപ്പ് അറിയിച്ചു. അരുൺ രോഗമുക്തനായതിന്റെ ആഘോഷമായി അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ സഹപ്രവർത്തകരും അരുണിന് ധനസഹായം കൈമാറി. ചടങ്ങിൽ സിനിമാ താരം ടൊവിനോ തോമസ് പങ്കെടുക്കുകയും അരുണിന് ആശംസകൾ നേരുകയും ചെയ്തു.

arun-kumar

തന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ ‘മിന്നൽ മുരളി’യിൽ സൂപ്പർ ഹീറോയുടെ വേഷമാണ് താൻ ചെയ്തതെങ്കിലും യഥാർത്ഥ ജീവിതത്തിൽ അരുണിനെപ്പോലുള്ളവരാണ് സൂപ്പർ ഹീറോകളെന്നും ടൊവിനോ പറഞ്ഞു. യഥാർത്ഥ സൂപ്പർഹീറോകൾ മഹാമാരിക്കെതിരെ മുന്നിൽ നിന്ന് പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് യോദ്ധാക്കളാണ്. മാരകമായ വൈറസിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് മനുഷ്യരാശി എന്നേക്കും കടപ്പെട്ടിരിക്കും. നിങ്ങൾക്കെല്ലാവർക്കും ബിഗ് സല്യൂട്ട്," ടൊവിനോ പറഞ്ഞു.