lokayukta-kerala

പൊതുപ്രവർത്തകരുടെ നിയമവിധേയമല്ലാത്ത നടപടികൾ, സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയവ പരിശോധിച്ച്, അന്വേഷണം നടത്തി ശുപാർശ ചെയ്യുന്ന ലോകായുക്ത സംവിധാനത്തിന്റെ കടയ്‌ക്കൽ കത്തിവയ്ക്കുന്ന ഓർഡിനൻസാണ് സംസ്ഥാന സർക്കാർ ഗവർണറുടെ അനുമതിക്ക് സമർപ്പിച്ചിരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്ന ഈ ഭേദഗതി ഇടതുസർക്കാരിന്റെ അഴിമതി വിരുദ്ധതയുടെ മുഖംമൂടി പിച്ചിചീന്തുന്നതാണ്.

പൊതുപ്രവർത്തകരുടെ ഇടയിലുള്ള അഴിമതി ഫലപ്രദമായി തടയാൻ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന, 1987 ലെ കേരള പൊതുപ്രവർത്തകരുടെ അഴിമതി ( അന്വേഷണവും, അന്വേഷണ വിചാരണയും) ആക്ട് അപര്യാപ്തമെന്ന് കണ്ടാണ് ലോകായുക്ത നിയമം നടപ്പിലാക്കിയത്. നിയമത്തിന്റെ ഉദ്ദേശ്യ കാരണങ്ങളുടെ വിവരണത്തിൽ ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൃത്യമായി നിർവചിച്ചിട്ടുണ്ട്. മറ്റെല്ലാ നിയമനിർമ്മാണവും പോലെ ഈ നിയമനിർമ്മാണത്തിനും സർക്കാരിന്റെ നിയമവകുപ്പ് സൂക്ഷ്മപരിശോധന നടത്തിയ ശേഷമായിരിക്കും നിയമസഭ പരിഗണിക്കുന്നത്. 23 വർഷമായി സംസ്ഥാനത്ത് നിലനിൽക്കുന്ന ഈ നിയമം നാളിതുവരെ ഭരണഘടനാ വിരുദ്ധമാണെന്ന് ആരെങ്കിലും ഏതെങ്കിലും കോടതിയിൽ ചോദ്യംചെയ്തതായി അറിയില്ല. കേരളം ഭരിച്ച ഒരു സർക്കാരുകളും ഇത്തരമൊരു ഭരണഘടനാ ലംഘനം കണ്ടെത്തിയതുമില്ല.

ലോകായുക്തയുടെ ചിറകരിയാൻ രണ്ടാം പിണറായി സർക്കാരിനെ പ്രേരിപ്പിച്ചത് ഇതൊന്നുമല്ലെന്ന് ഈ സർക്കാരിന്റെ നാൾവഴി അറിയാവുന്നവർക്ക് മനസിലാക്കാവുന്നതേയുള്ളൂ.

പ്രഗൽഭരും പ്രശസ്തരുമായ മികച്ച പാർലമെന്റേറിയന്മാരുടെ നീണ്ടനിരയുണ്ടായിരുന്ന 1999 ലെ നിയമസഭ ഇത്തരത്തിലൊരു ഭരണഘടനാവിരുദ്ധ നിയമനിർമ്മാണം നടത്തുമെന്ന് കരുതാൻ നിർവാഹമില്ല. ഇതൊക്കെ തുടങ്ങുന്നത് കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനം തെറിച്ചതോടെയാണ്. അത് ഭരണഘടനാ വിരുദ്ധതയാണെന്ന് അറിയാമെങ്കിൽ എന്തുകൊണ്ട് കെ.ടി ജലീൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്തില്ല ? അഴിമതി തടയാനുള്ള സമഗ്ര നിയമസംവിധാനം വേണമെന്നും ലോക്പാലിന്റെ പരിധിയിൽ പ്രധാനമന്ത്രിയെ ഉൾപ്പെടെ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലും സമാന സംവിധാനം കൊണ്ടുവരണമെന്നും ഇടതുപക്ഷം പറഞ്ഞുനടന്നിരുന്നു. ഇങ്ങനെ പറഞ്ഞവർ തന്നെയാണ് ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്ത് രഹസ്യമായി ലോകായുക്തയെ ജീവച്ഛവമാക്കിയത്. അഴിമതി കാണിക്കുന്ന ഒരു മന്ത്രിസഭയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ശിക്ഷിക്കാനും മന്ത്രിയെത്തന്നെ അയോഗ്യനാക്കാനും ഇപ്പോൾ ലോകായുക്തക്ക് കഴിയും. ഇതാണ് ഇടതുമുന്നണിയുടെ പ്രശ്നവും. അഴിമതിയെ സ്ഥാപനവത്കരിക്കണമെന്നാണോ ഇടതുമുന്നണിയുടെ അഭിപ്രായം?
നിലവിൽ ലോകായുക്തയുടെ പരിഗണനയിലുള്ള രണ്ട് പരാതികൾ ഇട
ത് സർക്കാരിന്റെ ഉറക്കം കെടുത്തുന്നു. കണ്ണൂർ സർവകലാശാല വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഞാൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്കെ
തിരെ സമർപ്പിച്ച ഹർജിയും മറ്റൊന്ന് ആർ.എസ് ശശികുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച്
മുഖ്യമന്ത്രിക്കെതിരെ സമർപ്പിച്ച ഹർജിയും. ഈ രണ്ട് ഹർജികളും ഫെബ്രുവരി ആദ്യ ആഴ്ചയിൽ ലോകായുക്ത പരിഗണനയ്ക്ക് എടുക്കുന്നവയാണ്. ഇതു രണ്ടും തങ്ങളുടെ താത്‌പര്യത്തിന് അനുസൃതമാകാൻ സാദ്ധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധൃതിയിൽ ഇടതുമുന്നണി ഇറങ്ങിപ്പുറപ്പെട്ടത്. മുൻ അഡ്വക്കേറ്റ് ജനറൽ ഇത്തരത്തിലൊരു നിർദേശം നൽകിയത് 2021 ഏപ്രിൽ 13 നാണ്. ഒരു വർഷമായി ഉറങ്ങിയിരുന്ന നിർദേശമാണ് മേൽപ്പറഞ്ഞ രണ്ട് ഹർജികളോടെ സർക്കാർ പൊടിതട്ടിയെടുത്തത്.
നിയമസഭ ചർച്ചചെയ്ത് നിയമനിർമ്മാണം നടത്തും മുൻപേ അടിയന്തര ഘട്ടത്തിൽ നിയമപിൻബലം ആവശ്യമായി വരുമ്പോഴാണ് ഓർഡിനൻസ്
പുറപ്പെടുവിക്കാറുള്ളത്. കേരള ലോകായുക്തയുടെ നിയമത്തിൽ ഭരണ ഘടനാപരമായ അനൗചിത്യമുണ്ടെങ്കിൽ അത് തീരുമാനിക്കാൻ ഭരണ
ഘടനാകോടതികളുണ്ട്. അല്ലാതെ ഓർഡിനൻസ് വഴി അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് അധാർമ്മികമാണ്. ഇതേകാര്യങ്ങൾ നേരത്തെതന്നെ നിയമസഭ പരിശോധിച്ച് നിരാകരിച്ചതാണ്. സർക്കാർ ഓർഡിൻസിലൂടെ ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യവസ്ഥ 1999 ലെ ബില്ലിന്റെ ഭാഗമായി ആദ്യം ഉൾപ്പെട്ടിരുന്നതാണ്. ലോകായുക്തയുടെ ഒറിജിനൽ ഡിക്ലറേഷൻ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ കോംപറ്റീറ്റന്റ് അതോറിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥ 1999 ലെ ബില്ലിന്റെ ഭാഗമായി ആദ്യം ഉൾപ്പെടുത്തിയിരുന്നതാണ്. എന്നാൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നിരവധി എം.എൽ.എമാരുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് അന്നത്തെ നിയമമന്ത്രി തന്നെ ഔദ്യോഗിക പ്രമേയത്തിലൂടെ പ്രസ്തുത വ്യവസ്ഥ നീക്കം ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ 23 വർഷത്തിനു ശേഷം വീണ്ടും പൊടിതട്ടിയെടുത്ത് നടപ്പിലാക്കാൻ ശ്രമി
ക്കുന്നത്.
ഇടതുമുന്നണി സർക്കാർ ആരോപിക്കുന്നതുപോലെ പ്രസ്തുത ബില്ലിൽ ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിരു
ന്നെങ്കിൽ ബില്ലിന് അംഗീകാരം നൽകിയ ഗവർണറോ, ബില്ല് നിയമമാക്കാൻ അനുമതി നൽകിയ രാഷ്ട്രപതിയോ ഇക്കാര്യം തീർച്ചയായും ചൂണ്ടിക്കാട്ടുമായിരുന്നു. ലോകായുക്തയുടെ നിയമത്തിന് ജീവൻ നൽകുന്നത് സെക്‌ഷൻ 14 ആണ്. അഴിമതിക്കാരെ അയോഗ്യനാക്കുക വഴി അഴിമതിയുടെ തായ്‌വേരറുക്കാൻ പര്യാപ്തമാണ് ഈ സെക്‌ഷൻ. ഒരർത്ഥത്തിൽ ഈ നിയമത്തിന്റെ ഹൃദയമാണ് സെക്‌ഷൻ 14. അത് പറിച്ചെടുക്കുന്നതോടെ ലോകായുക്ത നിയമവും വെറും ജീവച്ഛവമായി മാറും.
കേവലം രണ്ടുവർഷം മുൻപ് നടന്ന ലോകായുക്തയുടെ വാർഷിക ദിനത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ലോകായുക്തയെ വാനോളം പുകഴ്ത്തി
യത് കേരളം കേട്ടതാണ്. ഇത് വെറും വീമ്പ് പറച്ചിലായിരുന്നോ?
അതോ തനിക്കും സഹപ്രവർത്തകർക്കും ലോകായുക്തയുടെ കടിയേൽക്കാതിരിക്കാനുള്ള തത്രപ്പാടാണോ? ലോകായുക്തയുടെ കടി ഏൽക്കാതിരിക്കണമെങ്കിൽ അഴിമതി നടത്താതിരിക്കണം. അതിന് തയ്യാറുണ്ടോ? അതോ ലോകായുക്തയുടെ പല്ല് പറിച്ചുകളഞ്ഞ് അഴിമതി മൗലികാവകാശമാക്കി മാറ്റണോ? ഇതാണ് പൊതുസമൂഹത്തിന്റെ ചോദ്യം.