kamala

അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള പോര് എല്ലാ കാലത്തും എല്ലാ ദേശങ്ങളിലും ഉണ്ടായിട്ടുള്ളതാണ്. ചിലർ മാത്രമാണ് അതിൽ നിന്നും വ്യത്യസ്‌തരാകുന്നത്. അത്തരത്തിലൊരു പ്രചോദനാത്മകമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മകൻ വിവാഹം കഴിച്ചു കൊണ്ടു വന്ന പെൺകുട്ടിയെ സ്വന്തം മകളായി കണ്ട് സ്നേഹിക്കുന്ന ഒരു ഭർത്തൃമാതാവ്. രാജസ്ഥാൻ സ്വദേശിനിയായ കമലാദേവിയെ ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്.

2016ൽ കമലാദേവിയുടെ ഇളയമകൻ ശുഭം വിവാഹം കഴിച്ചു കൊണ്ടു വന്ന പെൺകുട്ടിയാണ് സുനിത. ആറ് മാസം ഒന്നിച്ചു ജീവിച്ചില്ല, മസ്തിഷ്കാഘാതത്തെ തുടർന്ന് ശുഭം മരണപ്പെട്ടു. അന്ന് മുതൽ ഇന്നോളം സ്വന്തം മകളായി കണ്ട് സുനിതയ്‌ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട് കമല എന്ന ഈ അമ്മ.

kamala

സുനിതയെ തുടർ പഠനത്തിന് വിട്ടതും നല്ലൊരു ജോലി വാങ്ങി നൽകിയതും നല്ല പയ്യനെ കണ്ടെത്തി വീണ്ടും വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം കമലയാണ്. ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയെ താലി ചാർത്തിയത്. കമലയുടെ മകൻ ശുഭം ഡോക്‌ടറായിരുന്നു. ഈ അമ്മയുടെയും മകളുടെയും സ്നേഹത്തെ വാഴ്‌ത്തുകയാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം.

കടുത്ത സ്ത്രീധന വിരോധി കൂടിയാണ് കമല. മകൻ സുനിതയെ വിവാഹം കഴിച്ചു വന്നപ്പോഴും സ്ത്രീധനം ആവശ്യപ്പെട്ടില്ല. മരുമകളെ പഠിപ്പിച്ച് ജോലി വാങ്ങി വീണ്ടും വിവാഹം കഴിപ്പിച്ച് അയച്ചപ്പോഴും സ്ത്രീധനം നൽകാൻ കൂട്ടാക്കിയില്ല.

പ്രതിസന്ധികളിൽ തളർന്നു പോകുന്ന സ്ത്രീകൾക്കെല്ലാം പാഠമാണ് ഈ അമ്മയും മകളും. ജന്മം കൊണ്ടല്ലാതെയും അമ്മയാകുമെന്ന് സമൂഹത്തിന് മുന്നിൽ കാണിച്ചുകൊടുത്ത കമലയെ തേടി അന്താരാഷ്ട്ര മാദ്ധ്യമങ്ങളും എത്തുന്നുണ്ട്.