
ടൊറന്റോ: യു.എസ് - കാനഡ അതിർത്തിയിൽ കനേഡിയൻ ഭാഗമായ മാനിറ്റോബ പ്രവിശ്യയിലെ എമേഴ്സണിൽ മഞ്ഞിൽ തണുത്തുറഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തിലെ നാല് പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികളായ ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ (39), വൈശാലിബെൻ ജഗദീഷ് കുമാർ പട്ടേൽ (37), ഇവരുടെ മക്കളായ വിഹാംഗി (11), ധർമിക് (3) എന്നിവരാണ് മരിച്ചതെന്ന് കനേഡിയൻ പൊലീസ് സ്ഥിരീകരിച്ചു.
ഗുജറാത്തിലെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും മൃതദേഹങ്ങൾ ഇന്ത്യയിലേക്കെത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി വരികയാണെന്നും കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ജനുവരി 12ന് ടൊറന്റോയിലെത്തിയ ഇവർ അതിർത്തിയിൽ എങ്ങനെയെത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മനുഷ്യക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ 19നാണ് മിനസോട്ടയിലെ അമേരിക്കൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ കനേഡിയൻ ഭാഗത്ത് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മണിക്കൂറുകളോളം കൊടുംതണുപ്പിൽ കഴിയേണ്ടി വന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കടുത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്ന പ്രദേശത്തെ താപനില മൈനസ് 35 ഡിഗ്രിയായിരുന്നു.
സംഭവത്തിന് പിന്നാലെ രേഖകളില്ലാതെ അമേരിക്കൻ അതിർത്തികടന്ന ഏഴ് ഇന്ത്യൻ പൗരന്മാരെ മിനസോട്ടയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. ഇന്ത്യൻ പൗരന്മാരെ അനധികൃതമായി അതിർത്തി കടത്തിയ സ്റ്റീവ് ഷാൻഡ് (47) എന്ന ഫ്ലോറിഡ സ്വദേശിയും പിടിയിലായിരുന്നു. എന്നാൽ ഇവരും മരണപ്പെട്ടവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.