rocket

ബാഗ്ദാദ് : ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടന്നെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 4.30 ഓടെ കുറഞ്ഞത് ആറോളം റോക്കറ്റുകൾ വിമാനത്താവളത്തിൽ പതിച്ചതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആളപായമില്ല.

ആക്രമണം നടന്നതിന് സമീപമാണ് യു.എസ് എയർബേസായ ക്യാമ്പ് വിക്ടറി സ്ഥിതി ചെയ്യുന്നത്. റൺവേയ്ക്ക് സമീപവും പാർക്കിംഗ് ഏരിയയിലുമായാണ് റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചത്. ആക്രമണത്തിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇറാഖി എയർവേയ്സിന്റെ ഉപയോഗത്തിലില്ലാത്ത ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, വ്യോമഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മേഖലയിലെ യു.എസ് സൈനിക സാന്നിദ്ധ്യത്തിനെതിരെ ഷിയ സായുധ ഗ്രൂപ്പുകൾ നടത്തുന്ന റോക്കറ്റ് ആക്രമണങ്ങൾ സമീപ കാലത്ത് വാർദ്ധിച്ചുവരികയാണ്. ഈ മാസം ആദ്യം ബാഗ്ദാദിലെ യു.എസ് എംബസിയെ ലക്ഷ്യമാക്കി നടന്ന റോക്കറ്റ് ആക്രമണങ്ങളിൽ രണ്ട് തദ്ദേശീയർക്ക് പരിക്കേറ്റിരുന്നു.