
തിരുവനന്തപുരം: കോഴിക്കടയിലെ ജീവനക്കാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാരയ്ക്കാമണ്ഡപം സ്വദേശികളായ നയിസ് (25), ലാലു (27) എന്നുവിളിക്കുന്ന രാഹുൽ ഖാൻ എന്നിവരെ ഫോർട്ട് പൊലീസ് പിടികൂടി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കിള്ളിപ്പാലത്തെ ചിക്കൻ സ്റ്റാളിലെ ജീവനക്കാരനായ കരിമഠം സ്വദേശി നിയാസിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പ്രതികളിലൊരാളുടെ കാമുകിയെപ്പറ്റി അപവാദം പറഞ്ഞുവെന്നും വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് സി.ഐ രാകേഷ്,കരമന സി.ഐ അനീഷ്,തമ്പാനൂർ സി.ഐ സനോജ്, ഫോർട് എസ്.ഐ ദിനേശ് പൊലീസുകാരായ വിനോദ്, പ്രബൽകുമാർ, അനുരാഗ് എന്നിവരുടെ സംഘമാണ് വള്ളക്കടവ് നിന്ന് അറസ്റ്റ് ചെയ്തത്.പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക്,വെട്ടാനുപയോഗിച്ച വാൾ എന്നിവ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.