allison

ക്വറ്റ: പരുക്കൻ അടവുകൾ ഏറെക്കണ്ട മത്സരമായിരുന്നു ഇക്വഡോറും ബ്രസീലും തമ്മിൽ നടന്നത്. രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡും 5 പേർക് മഞ്ഞക്കാർഡും ലഭിച്ചു. എന്നാൽ ഇതിനിടെ ഉണ്ടായ മറ്റൊരു വിഷയം ചർച്ചയായിരിക്കുകയാണ്. ബ്രസീലിന്റെ ഗോൾകീപ്പർ അലിസൺ ബെക്കറിന് രണ്ട് തവണ റഫറിയുടെ ചുവപ്പ് കാർഡ് കിട്ടിയിട്ടും അദ്ദേഹത്തിന് മത്സരത്തിൽ മുഴുവൻ സമയവും കളിക്കാനായി എന്നതാണ് ചർച്ചയായത്. ചുവപ്പ് കാർഡ് കിട്ടിയ രണ്ട് തവണയും വീഡിയോ അസിസ്‌റ്റന്റ് റഫറിയുടെ (വാർ)​ സഹായത്തോടെയാണ് ലിവർപൂൾ താരമായ അലിസണ് മത്സരത്തിൽ തുടരാനായത്.

26-ാം മിനിട്ടിൽ ബോക്സിന് വെളിയിലേക്കിറങ്ങി പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ അലിസൺന്റെ കാൽ ഇക്വഡോറിന്റെ എന്നാർ വലൻസിയയുടെ മുഖത്തുകൊണ്ടു. ഉടൻ റഫറി അലിസണ് ചുവപ്പ് കാർഡ് നൽകി. എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനം പുനപരിശോധിച്ച ശേഷം ചുവപ്പ് കാർഡിനുള്ള കുറ്റം അലിസൺ ചെയ്തിട്ടില്ലെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. മഞ്ഞക്കാർഡ് കൊണ്ട് അലിസൺ രക്ഷപ്പെട്ടു. മത്സരമവസാനിക്കാറാകവെ രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോളടിക്കാനായി ഓടിയെത്തിയ ഇക്വഡോറിന്റെ അഡ്രിയാൻ പെഡ്രിയാഡോയുടെ മുഖത്ത് പന്ത് ക്ലിയർ ചെയ്യുന്നതിനിടെ കൈകൊണ്ട് ഇടിച്ചതിന് അലിസണ് റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും നൽകി. ഇക്വ‌ോറിന് അനുകൂലമായി പെനാൽറ്റിയും വിധിച്ചു. എന്നാൽ അലിസൺ പന്ത് ക്ലിയർ ചെയ്യുകയായിരുന്നുവെന്നും ഫൗൾ ചെയ്തില്ലെന്നും വാറിന്റെ പുനപരിശോധനയിൽ വിധിച്ചു. ഇതോടെ റഫറി ചുവപ്പുകാർഡും ഇക്വഡോറിന് അനുവദിച്ച പെനാൽറ്റിയും പിൻവലിക്കുകയായിരുന്നു.