navjot-singh-sidhu

ചഢിഗഢ് : തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ കുരുക്കിലാക്കി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ പുതിയ ആരോപണം. സിദ്ദുവിന്റെ സഹോദരി സുമൻ തൂർ ആണ് ആരോപണവുമായി രംഗത്തുവന്നത്. പണത്തിനു വേണ്ടി അമ്മയെ വൃദ്ധസദനത്തിൽ തള്ളിയയാളാണ് സിദ്ദുവെന്ന് സുമൻ തൂർ ആരോപിച്ചു. ക്രൂരസ്വഭാവക്കാരനാണ് സിദ്ദുവെന്നും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുമൻ കുറ്റപ്പെടുത്തി. ഇന്ന് ചണ്ഡീഗഢിൽ വാർത്താസമ്മേളനം വിളിച്ചാണ് 70കാരിയായ സഹോദരി ആരോപണം ഉന്നയിച്ചത്

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ആരോപണം സിദ്ദുവിനെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്.

1986ൽ പിതാവിന്റെ മരണത്തോടെ തന്നേയും മാതാവിനേയും സിദ്ദു വീട്ടില്‍ നിന്ന് പുറത്താക്കി. അച്ഛന്റെ പേരിലുള്ള വീടും പറമ്പും പെന്‍ഷനും തട്ടിയെടുക്കാനായിരുന്നു ഇത്. ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ച നാളുകളായിരുന്നു പിന്നീടുണ്ടായത്. തന്റെ മാതാവ് നാല് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 1989ല്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് മാതാവ് മരിച്ചത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും സുമന്‍ പറഞ്ഞു.മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതാവും പിതാവും വേര്‍പിരിഞ്ഞുവെന്നായിരുന്നു സിദ്ദു പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും സുമന്‍ ആരോപിച്ചു.

ദിവസങ്ങൾക്കുമുൻപ് നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും സിദ്ദു വഴങ്ങിയില്ലെന്നും സുമൻ തൂർ വെളിപ്പെടുത്തി.