
ടെൽ അവീവ് : ഇന്ത്യ - ഇസ്രയേൽ നയതന്ത്ര ബന്ധത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലേയും ഇസ്രയേലിലെയും ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങൾ ഇന്ന് പ്രകാശഭരിതമാകും. 1992 ജനുവരി 29നാണ് ഇന്ത്യ - ഇസ്രയേൽ സമ്പൂർണ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടത്. കൃഷി മുതൽ സുരക്ഷ വരെയുള്ള വിവിധ മേഖലകളിലായി ഇരുരാജ്യങ്ങളുടെയും സഹകരണം ഇന്നും തുടരുന്നു. വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഔദ്യോഗിക ലോഗോയോട് കൂടിയാണ് കെട്ടിടങ്ങളിൽ പ്രകാശം തെളിയുക. ഇസ്രയേലിന്റെ സ്റ്റാർ ഒഫ് ഡേവിഡും ഇന്ത്യയുടെ അശോക ചക്രവും ചേർത്ത് രൂപകല്പന ചെയ്ത ലോഗോ ഈ ആഴ്ച ആദ്യം ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നോആർ ഗിലോണും ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് സിംഗ്ലയുമാണ് പ്രകാശനം ചെയ്തത്. ഇന്ത്യയിൽ മുംബയിലെ ഗേറ്റ് വേ ഒഫ് ഇന്ത്യയിലും ഇസ്രയേലിൽ മസാദ കോട്ടയിലും പ്രകാശം തെളിയും. ഇസ്രയേൽ തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയായി കാണുന്ന ഇന്ത്യയോട് കാട്ടുന്ന ശക്തമായ പിന്തുണയുടെ പ്രതീകം കൂടിയാണിത്. ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി ജൂത കുട്ടികളെ രക്ഷിച്ച ഗുജറാത്തിലെ നവാനഗറിലെ മഹാരാജ ജാം സാഹിബ് ഉൾപ്പെടെയുള്ള ഇന്ത്യ - ഇസ്രയേൽ ബന്ധത്തെ ചിത്രീകരിക്കുന്ന ഘടകങ്ങൾ കോർത്തിണക്കിയ പ്രത്യേക വീഡിയോയും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.