australian-open

ഫേൽ നദാലും ഡാനിൽ മെദ്‌വെദേവും ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

നദാൽ ലക്ഷ്യം വയ്ക്കുന്നത് 21-ാം ഗ്ലാൻസ്ലാം എന്ന ചരിത്ര നേട്ടം

മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം പുരുഷ സിംഗിൾസിന്റെ ഫൈനലിൽ സ്പാനിഷ് ഇതിഹാസം റാഫേൽ നദാലും റഷ്യൻ സെൻസേഷൻ ഡാനിൽ മെദ്‌വെദേവും തമ്മിൽ ഏറ്റുമുട്ടും. ഇറ്റാലിയൻ താരം മാറ്റിയോ ബെരേറ്റിനിയെ കീഴടക്കിയാണ് നദാൽ ഫൈനലിൽ എത്തിയത്. ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് മെദ്‌വെദേവ് സെമിയിൽ വീഴ്ത്തിയത്.

നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാൽ ബെരേറ്റിനിയുടെ വെല്ലുവിളി അവസാനിപ്പിച്ചത്. സ്കോർ :6-3,6-2,3-6,6-3. ആദ്യ രണ്ട് സെറ്റുകളും അനായാസം നേടിയ നദാലിനെതിരെ മൂന്നാം സെറ്റിൽ ബെരേറ്റിനി തിരിച്ചടിച്ചു. എന്നാൽ നാലാം സെറ്റിൽ പതറാതെ പെരാരുതിയ പരിചയസമ്പന്നനായ നദാൽ തകർപ്പൻ പ്രകടനത്തോടെ 6-3ന് ആ സെറ്റും ഫൈനലിലേക്ക് യോഗ്യതയും സ്വന്തമാക്കുകയായിരുന്നു. 21 ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കാഡിന് ഒരു ജയംമാത്രം അകലെയാണ് നദാൽ. അദ്ദേഹത്തിന്റെ കരിയറിലെ 29-ാം ഗ്രാൻസ്ലാം ഫൈനലാണിത്. ആസ്ട്രേലിയൻ ഓപ്പണിൽ 2009ൽ നദാൽ ചാമ്പ്യനായിട്ടുണ്ട്. ആസ്ട്രേലിയൻ ഓപ്പണിൽ ആറാം ഫൈനലിനാണ് 35കാരനായ നദാൽ ഒരുങ്ങുന്നത്.

നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ തന്നെയാണ് ലോക രണ്ടാം റാങ്കുകാരനായ മെദ്‌വെദേവും സിറ്റ്‌സിപാസിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. രണ്ടു മണിക്കൂറോളം മാത്രം നീണ്ട മത്സരത്തിൽ 7-6,4-6,6-4,6-1നായിരുന്നു മെദ്‌‌വെദേവിന്റെ വിജയം. നിലവിലെ യു.എസ് ഓപ്പൺ ചാമ്പ്യനായ മെദ്‌വെദേവ് തുടർച്ചയായ രണ്ടാം തവണയാണ് ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തുന്നത്. ഇത്തവണ ജയിക്കാനായാൽ ഓപ്പൺ കാലഘട്ടത്തിൽ കന്നി ഗ്രാൻസ്ലാം നേടിയ ശേഷം തുടർച്ചയായ രണ്ടാം ഗ്ലാൻസ്ലാമും സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കാഡ് മെദ്‌വെദേവിന് നേടാം. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മുതലാണ് നദാലും മെദ്‌വെദേവും തമ്മിലുള്ള ഫൈനൽ പോരാട്ടം.

ക്രിസ്റ്റിന - ഡോഡിജ് സഖ്യത്തിന് കിരീടം

ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഫ്രഞ്ച് - ക്രൊയേഷ്യൻ ജോഡിയായ ക്രിസ്റ്റീന മാൾഡനോവിക്കും ഇവാൻ ഡോഡിജും ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ അവർ ആസ്ട്രേലിയൻ ജോഡിയായ ജയ്മി ഫൗ‌ർലിസ് - ജേസൺ കുബ്ലർ സഖ്യത്തെ നേരിട്ടുള്ല സെറ്റുകളിൽ വീഴ്ത്തിയാണ് കിരീടം നേടിയത്. സ്കോർ:6-3,6-4. 2014ൽ ഡാനിയേൽ നെസ്റ്ററിനൊപ്പവും ക്രിസ്റ്റിന ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയിട്ടുണ്ട്.

വനിതാ ഫൈനൽ ഇന്ന്

വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ന് ലോക ഒന്നാം നമ്പർ താരവും നാട്ടുകാരിയുമായ ആഷ്‌ലി ബാർട്ടിയും അമേരിക്കൻ താരം ഡാനിയെല്ലെ കോളിൻസും തമ്മിൽ ഏറ്റുമുട്ടും.

ഇന്ന് ഉച്ച കഴിഞ്ഞ് 2 മുതലാണ് മത്സരം. സോണി ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ട്.

41 വർഷത്തിന് ശേഷം ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ആസ്ട്രേലിയൻ താരമാണ് ബാർട്ടി. 1978ന് ശേഷം മറ്റൊരു ആസ്ട്രേലിയൻ താരം ആസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുമില്ല. 2019ലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനും നിലവിലെ വിംബിൾഡൺ ചാമ്പ്യനുമാണ് ബാർട്ടി.

കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലിനാണ് ഡാനിയെല്ലെ കോളിൻസ് ഒരുങ്ങുന്നത്. മുഖാമുഖം വന്ന നാല് മത്സരങ്ങളിൽ മൂന്നിലും കോളിൻസ് തോറ്റെങ്കിലും അവസാനം ഇരുവരും ഏറ്റുമുട്ടിയ മത്സരത്തിൽ കോളിൻസിനായിരുന്നു ജയം.