kk

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷൻ ഓഫ് ‌ഡെമോക്രാറ്റിക് റീഫോംസിന്റെ ( എ.ഡി.ആർ)​ റിപ്പോര്‍ട്ട്. 2019-20 കാലയളവിൽ ബി.ജെ.പിക്ക് 4847.78 കോടി രൂപയുടെ ആസ്തിയാണ് ഉള്ളതെന്ന് എ.ഡി.ആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. . 698.33 കോടി ആസ്‌തിയുള്ള ബി.എസ്.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനാകട്ടെ 588.16 കോടിയുടെ ആസ്തിയാണുള്ളത്.

രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കായി 6988.57 കോടിയുടെ ആസ്തിയും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കായി 2129.38 കോടിയുടെ ആസ്തിയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക പാര്‍ട്ടികളില്‍ സമാജ് വാദി പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ ആസ്തി(563.47കോടി). ടി.ആര്‍.എസിന്(301.47കോടി), എ.ഐ.എ.ഡി.എം.കെ( 267.61കോടി) എന്നിവരാണ് തൊട്ടുപിന്നില്‍. 3253 കോടിയാണ് ബി.ജെ.പിയുടെ സ്ഥിര നിക്ഷേപം. ബി.എസ്.പിയുടെ ആസ്തിയില്‍ 618 കോടിയും സ്ഥിര നിക്ഷേപമാണ്. കോണ്‍ഗ്രസിന് 240 കോടിയുടെ സ്ഥിര നിക്ഷേപമാണുള്ളത്.

പാര്‍ട്ടികളുടെ മൊത്തം ബാദ്ധ്യത 134.93 കോടി രൂപയാണ്. കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ബാദ്ധ്യത (49.55കോടി). 1.6 ഇരട്ടി വർദ്ധനനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ബി.ജെ.പിക്ക് ആസ്തിയിൽ ഉണ്ടായത്. ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ ആസ്തി കുറഞ്ഞു. സംഭാവനയായിട്ടാണ് പാര്‍ട്ടികള്‍ക്ക് പണം ലഭിച്ചത്.