bihar-bandh

പാട്ന: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ രീതികളിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദിനെ തുടർന്ന് ബീഹാറിൽ റെയിൽ,​ റോഡ് ഗതാഗതം തടസപ്പെട്ടു. ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസിയേഷന്റെയും ആർ.ജെ.ഡി വിദ്യാർത്ഥി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബന്ദിനെ പ്രതിപക്ഷ കക്ഷികളും പിന്തുണച്ചിരുന്നു. ബന്ദിന്റെ ഭാഗമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും അവരെ അനുകൂലിക്കുന്നവരും സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകൾ ഉപരോധിക്കുകയും ടയറുകളും മറ്റും കത്തിക്കുകയും ചെയ്തു. ദർഭംഗ, ഭാഗൽപൂർ, സുപോൽ എന്നിവിടങ്ങളിൽ ബന്ദ് അനുകൂലികൾ ട്രെയിനുകൾ തടഞ്ഞു.ആർ.ജെ .ഡി എം.എൽ.എ മുകേഷ് റോഷൻ വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ച് രമശിഷ് ചൗക്കിൽ പ്രതിഷേധിച്ചു. പാട്നയിൽ ജൻ അധികാർ പാർട്ടി പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാർ ഹാജിപുർ - സമസ്തിപുർ ,​ഹാജിപുർ - ചപ്ര, ഹാജിപൂർ - മുസഫർപൂർ, റോഡുകൾ ഉപരോധിച്ചത് ഗതാഗതക്കുരുക്കിനിടയാക്കി. അതേ സമയം പ്രക്ഷോഭം ആസൂത്രണം ചെയ്തെന്നാരോപിച്ച് മത്സര പരീക്ഷാ കോച്ചിംഗ് സെന്റർ ഉടമകൾക്കെതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധക്കാർ രംഗത്തെത്തി. പ്രതിഷേധക്കാരായ വിദ്യാർത്ഥികൾക്കും കോച്ചിംഗ് സ്ഥാപനങ്ങൾക്കുമെതിരേ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.

അതേസമയം എല്ലാ പരാതികളും പരിഹരിക്കുമെന്നും,​എന്നാൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കായി രണ്ടാം ഘട്ടമെന്ന പേരിൽ വീണ്ടുമൊരു പരീക്ഷ കൂടി നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ഇതോടെ രണ്ടാം ഘട്ട പരീക്ഷാ നടപടികൾ താൽക്കാലികമായി നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.