willow-cat

വാഷിംഗ്ടൺ : വൈറ്റ് ഹൗസിലെ ഏവരുടെയും പ്രിയപ്പെട്ട പുതിയ ഒരംഗത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡൻ. ഗ്രേ റ്റാബി ഇനത്തിൽപ്പെട്ട ' വില്ലോ " എന്ന രണ്ടുവയസുള്ള പൂച്ചക്കുട്ടിയാണത്. ജില്ലിന്റെ ജന്മനാടായ പെൻസിൽവേനിയയിലെ വില്ലോ ഗ്രോവിൽ നിന്നാണ് പൂച്ചക്കുട്ടിയ്ക്ക് വില്ലോ എന്ന പേര് നൽകിയത്. 2020ൽ ഒരു പ്രചാരണ പരിപാടിയ്ക്കിടെയാണ് ബൈഡന് വില്ലോയെ ലഭിക്കുന്നത്. വൈറ്റ് ഹൗസിൽ വില്ലോയ്ക്ക് കൂട്ടായി കമാൻഡർ എന്ന ജർമ്മൻ ഷെപ്പേർഡ് നായക്കുട്ടിയുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കമാൻഡർ വൈറ്റ് ഹൗസിലെത്തിയത്. ബൈഡന് മുന്നേ ജോർജ് ഡബ്ല്യൂ ബുഷ് ആണ് വൈറ്റ് ഹൗസിൽ പൂച്ചയെ വളർത്തിയിരുന്നത്. ഇന്ത്യ എന്നായിരുന്നു ആ പൂച്ചക്കുട്ടിയുടെ പേര്.