
ടോക്കിയോ : ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിന്റെ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉന്നയിച്ച് നിയമനടപടികൾ ആരംഭിച്ച് ആറ് കാൻസർ രോഗികൾ. 2011ൽ ഫുകുഷിമ ആണവ ദുരന്ത സമയത്ത് പ്രദേശത്ത് വസിച്ചിരുന്ന 17നും 27നും ഇടയിൽ പ്രായമുള്ള ആറ് പേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആണവ ദുരന്തത്തിന്റെ ഫലമായുണ്ടായ റേഡിയേഷൻ മൂലമാണ് തങ്ങൾ രോഗബാധിതരായതെന്നും 5.4 ദശലക്ഷം യു.എസ് ഡോളർ നഷ്ടപരിഹാരം ലഭിക്കണമെന്നും തൈറോയ്ഡ് കാൻസർ ബാധിതരായ ഇവർ പറയുന്നു. ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കമ്പനിയ്ക്കെതിരെ കേസ് നൽകുന്നത്.
2011 മാർച്ച് 11നാണ് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകളും ആഞ്ഞുവീശി. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനിൽ മരിച്ചത്. സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി.
റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. പിന്നാലെ ആണവ വികിരണം സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു. 1986ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായിരുന്നു ഫുകുഷിമയിലേത്.
ഫുകുഷിമ റിയാക്ടറിലെ സ്ഫോടനത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിരുന്നില്ലെങ്കിലും ആണവ വികിരണമേറ്റതിന്റെ ഫലമായി കാൻസർ ബാധിച്ച് ഒരു മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തോളം പേരെ ഫുകുഷിമയിൽ നിന്ന് ഉടൻ മാറ്റിത്താമസിപ്പിച്ചിരുന്നു.