neocov-

ന്യൂയോർക്ക് : കൊവിഡ്,​ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം രൂക്ഷമാകുന്നതിനിടെ ' നിയോകോവ് " എന്ന പുതിയ ' കൊറോണ വൈറസ് " വകഭേദത്തെ പറ്റിയുള്ള വാർത്ത ചൈനീസ് ശാസ്ത്രജ്ഞർ പുറത്തുവിടുന്നത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ കണ്ടെത്തിയ ഈ വൈറസ് മനുഷ്യരെ ബാധിച്ചാൽ മൂന്ന് പേരിൽ ഒരാൾക്ക് മരണം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വുഹാന്‍ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടക്കാട്ടി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. വവ്വാലുകളില്‍നിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാദ്ധ്യതയും നിലവില്ലെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. .

2012-ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വുഹാന്‍ ഗവേഷകരുടെ വാദം. സാര്‍സ് കോവ്-2 (SARSCoV2)വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകുമെന്നും അവര്‍ പറയുന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.

പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വുഹാന്‍ ഗവേഷകര്‍ പറയുന്നത്.മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാന്‍ യൂണിവേഴ്‌സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്റ് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെർസ് കൊറോണ വൈറസിന്റെ വളരെ അടുത്ത ബന്ധുവാണ് നിയോകോവ് എന്ന വസ്തുതയിൽ നിന്നാണ് ഈ വൈറസ് ബാധിക്കുന്നന മൂന്നിൽ ഒരാൾ മരണപ്പെടും എന്ന അനുമാനമെന്നാണ് ഗവേഷക‌ർ പറയുന്നത്.

ലോകാരോഗ്യ സംഘടനയും നിയോകോവ് വൈറസിനെ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം നൽകിയിട്ടില്ല. നിയോകോവ് വൈറസ് മനുഷ്യരിൽ എങ്ങനെ അപകടകരമാകും എന്നത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണ് എന്നാണ് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.