
പൂവാർ:  മുൻ മന്ത്രി എം.ആർ. രഘുചന്ദ്രബാലിന്റെ സഹോദരനും കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം.ആർ. രാജഗുരുബാലിനെ (75)  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് കാഞ്ഞിരംകുളം മുൻ മണ്ഡലം പ്രസിഡന്റും കാഞ്ഞിരംകുളം മാവിളവീട്ടിൽ കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദര പുത്രനും പരേതരായ രാഘവൻ നാടാരുടെയും കമലാഭായിയുടെയും മകനുമാണ്. . കൈഞരമ്പ് മുറിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു.
ഇന്ന്  രാവിലെ 8 ഓടെയാണ് കാഞ്ഞിരംകുളം ജംഗ്ഷന് സമീപം യുവജനസംഘം ലൈബ്രറി ഹാളിൽ മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാത്രി സംഭവം നടന്നതായാണ് പൊലീസ് നിഗമനം. അവിവാഹിതനായ ഇദ്ദേഹം 8 വർഷമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. സഹായത്തിനായി എത്തുന്ന ദീപു എന്നയാളാണ് രാവിലെ മൃതദേഹം കണ്ടത്. കുടുംബ സ്വത്തിനെ ചൊല്ലി സഹോദരങ്ങളുമായി അകന്ന് കഴിയുകയായിരുന്നു.
ഒരാഴ്ചയായി കൊവിഡ് ബാധിച്ച് പുറത്തിറങ്ങാതെ ഇതിനകത്തായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവായതിന്റെ പ്രിന്റും ചുമരിൽ പതിച്ചിരുന്നു. കൂടാതെ മരണക്കുറിപ്പും എഴുതിവച്ചിരുന്നു. രണ്ടു ദിവസത്തിന് മുൻപ് ഒരു കുറിപ്പ് രജിസ്റ്റേഡായി കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റിന് അയച്ചിരുന്നു. ഇതും കഴിഞ്ഞ ദിവസം കിട്ടിയതായി പ്രസിഡന്റ് അറിയിച്ചു.
രാജഗുരുബാൽ രണ്ടു തവണ കാഞ്ഞിരംകുളം, മാവിള വാർഡുകളിൽ നിന്ന് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1998 മുതൽ 2000 വരെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറി പ്രസിഡന്റ്, ഫാമിലി ക്ലബിന്റെ സ്ഥാപക പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമാണ്. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനും  പോസ്റ്റുമോർട്ടത്തിനും ശേഷം തിങ്കളാഴ്ച രാവിലെ 10ന് മാവിള വീട്ടിൽ സംസ്കരിക്കും. മറ്റ് സഹോദരങ്ങൾ: സോമലത, സൽ സുധ, സുചിത്ര, സംജിതാ.