ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ ഭോപ്പാൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ശ്വേതയുടെ പുതിയ വെബ് സീരീസായ ഷോ സ്റ്റോപ്പറിന്റെ റിലീസിനോടനുബന്ധിച്ച് ഭോപ്പാലിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിവാദ പരാമർശം. മേരേ ബ്രാ കി സൈസ് ഭഗവാൻ ലേ രഹേ ഹെ ( എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്നായിരുന്നു നടിയുടെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. സോനു പ്രജാപതി എന്ന ഭോപ്പാൽ നിവാസിയാണ് പരാതിക്കാരൻ. നടിയെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം 'മഹാഭാരതം' ടി.വി പരമ്പരയിലെ ശ്രീകൃഷ്ണന്റെ വേഷത്തിലൂടെ പ്രശസ്തനായ സൗരഭ് രാജ് ജെയിൻ ഈ വെബ് സീരീസിൽ ബ്രാ ഫിറ്ററുടെ വേഷത്തിലാണ് എത്തുന്നത്. ഇക്കാര്യമാണ് നടി ഹാസ്യ രൂപേണ പറയാൻ ശ്രമിച്ചതെങ്കിലും പ്രസ്താവന വൻ വിവാദമാകുകയായിരുന്നു. പ്രസ്താവനയെ അപലപിച്ച മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭോപ്പാൽ സിറ്റി പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചു. അതേ സമയം തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടതാണെന്നും കടുത്ത ദൈവ വിശ്വാസിയായ താൻ ഒരിക്കലും ദൈവത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കില്ലെന്നും ശ്വേത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ തന്റെ പ്രവ‌ൃത്തി മൂലം ആരുടെയെങ്കിലും മത വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു.