dileep

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് കനത്ത തിരിച്ചടി. തിങ്കളാഴ്ച രാവിലെ 10.15ന് ആറ് ഫോണുകളും മുദ്രവച്ച കവറിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് കോടതി നിർദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും. ദിലീപിന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

ചൊവ്വാഴ്ച വരെ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. മുംബയിൽ നിന്ന് ഫോണുകൾ എത്തിക്കാൻ സമയം വേണമെന്നായിരുന്നു ദിലീപിന്റെ വാദം. മൂന്ന് ഫോണുകൾ മാത്രമേ കൈവശമുള്ളൂവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഉപഹർജി പരിഗണിക്കുന്നതിനായുള്ള ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഡിജിറ്റൽ തെളിവുകൾ നടൻ മനപ്പൂർവം മറച്ചുപിടിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി അംഗീകരിച്ചത്. സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ പരിശോധനയ്ക്ക് നൽകാനാവില്ലെന്ന് ദിലീപ് അറിയിച്ചിരുന്നു. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ളയാണ് ഹാജരായത്. ഒന്നുകിൽ ദിലീപിന്റെ മുൻകൂർ ജാമ്യം തള്ളണം അല്ലെങ്കിൽ കസ്റ്റോഡിയൽ ഇന്ററോഗേഷനുവേണ്ടി വിട്ടുനൽകണം എന്നാവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പൊലീസിന്റെ ഫോറൻസിക് ലാബിൽ വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. സർക്കാരിന്റെയും മാദ്ധ്യമങ്ങളുടെയും ഇരയാണ് താനെന്നും ദിലീപ് ആരോപിച്ചു.

അതേസമയം, നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികൾ ശരിയാണെന്ന് പൾസർ സുനി ക്രൈം ബ്രാഞ്ചിനോട് വെളിപ്പെടുത്തി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ടെന്നും ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് ഇയാൾ മൊഴി നൽകിയത്. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടെതെന്നും സിനിമയുടെ കഥ പറയാൻ വന്നയാളാണ് എന്നായിരുന്നു പരിചയപ്പെടുത്തിയതെന്നും പൾസർ സുനി പറഞ്ഞു. ദിലീപ് അന്നേ ദിവസം പണം നൽകിയിരുന്നെന്നും പൾസർ സുനി വെളിപ്പെടുത്തി.