dog

കണ്ണൂർ: എൻ 95 മാസ്‌ക് വിഴുങ്ങിയ നായയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. കണ്ണൂർ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമായ ബീഗിൾ എന്ന നായക്കാണ് അടിയന്തരമായി സർജറി നടത്തിയത്. വീട്ടിലെ മേശയ്‌ക്ക് മുകളിലിരുന്ന മാസ്‌ക്കാണ് നായ അറിയാതെ വിഴുങ്ങിയത്.

വീട്ടുകാരും സംഭവം അറിഞ്ഞില്ല. നായ അസ്വസ്‌ഥത കാണിച്ചതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നി ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് മാസ്‌ക് വയറ്റിലുള്ളതായി കണ്ടെത്തിയത്.

ആദ്യം മരുന്ന് നൽകി നോക്കിയെങ്കിലും ഫലിക്കാതെ വന്നതോടെയാണ് സർജറിക്ക് വിധേയമാക്കിയത്. ജില്ല ആശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. ഷെറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. നായ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്.