
പത്തനംതിട്ട: അങ്ങാടിക്കലിൽ സിപിഐ പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് സൂചന നൽകി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാർ തമ്മിൽ നടന്ന ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം. കുറ്റക്കാർക്കെതിരെ സംഘടനാപരമായും നിയമപരമായും നടപടിയുണ്ടാകുമെന്ന് കെ.പി ഉദയഭാനു അറിയിച്ചു.
എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ ജില്ലയിൽ നിലനിൽക്കുന്നത് നല്ല ബന്ധമല്ലെന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച് വലിയ ചർച്ച നടന്നിരുന്നു. തുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയൻ എന്നിവർ തമ്മിൽ ചർച്ച നടന്നത്. ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരമാണ് ചർച്ചയുണ്ടായത്.
അങ്ങാടിക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സിപിഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഉദയൻ എന്നിവരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിയിലിട്ട് മർദ്ദിച്ചത്.
സിപിഐ നേതാക്കളെ ആക്രമിച്ച കേസിൽ അഞ്ച് കേസുകളുണ്ട്. ഈ കേസുകളിൽ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് സിപിഐയ്‌ക്ക് പരാതിയുണ്ടായിരുന്നു. പൊലീസ് പക്ഷഭേദത്തോടെ പെരുമാറുന്നതായും സിപിഐ പരാതിപ്പെട്ടിരുന്നു.ആക്രമണത്തിനെതിരെ ജനയുഗം മുഖപ്രസംഗവും എഴുതിയിരുന്നു. ഇന്ന് നടന്ന ചർച്ചയിൽ ഒത്തുതീർപ്പ് വ്യവസ്ഥയിൽ തൃപ്‌തരാണെന്ന് സിപിഐ അറിയിച്ചു.