
തിരുവനന്തപുരം: നായനാർ സർക്കാരിന്റെ കാലത്ത് ലോകായുക്ത നിയമ ഭേദഗതിയെ എതിർത്തത് തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിച്ച് സി പി എം മുതിർന്ന നേതാവും മുൻ എം എൽ എയുമായ ആനത്തലവട്ടം ആനന്ദൻ. 1999ൽ ലോകായുക്ത നിയമത്തിന്റെ ഭേദഗതിയെ എതിർത്തത് സെക്ഷൻ 14 ലെ ഭരണഘടന വിരുദ്ധതയെക്കുറിച്ച് ബോധ്യമില്ലായിരുന്നത് കൊണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ തിരുത്തലിന് തയ്യാറാകുന്നത്. തെറ്റ് ജനങ്ങളോട് തുറന്നുപറയലാണ് പുതിയ തീരുമാനമെന്നും ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ലോകായുക്ത ഉത്തരവിനെ സർക്കാരിന് തള്ളാം എന്ന വ്യവസ്ഥ 99 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഒഴിവാക്കിയത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. അക്കാലത്ത് ആദ്യം നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത നിയമത്തിന്റെ കരടിൽ ഇന്ന് സർക്കാർ കൊണ്ടുവന്ന ഭേദഗതിയും ഉണ്ടായിരുന്നു. ഇതിനെ ഇടത് നേതാക്കൾ എതിർത്തിരുന്നുവെന്ന നിയമസഭാ രേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ലോകായുക്ത ഉത്തരവിനെ ഗവർണർക്ക് അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന വ്യവസ്ഥയെ ജി സുധാകരൻ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ ഇടത് നേതാക്കൾ ശക്തമായി എതിർത്തിരുന്നു. ലോകായുക്തയുടെ തീരുമാനങ്ങൾ അവഗണിക്കാൻ സർക്കാരിന് അവസരം ഉണ്ടായാൽ ലോകായുക്തക്ക് മുകളിലാകും സർക്കാർ. അത് ശരിയല്ലെന്നാണ് ആനത്തലവട്ടം ആനന്ദൻ അന്ന് അഭിപ്രായപ്പെട്ടത്. പൊതു പ്രവർത്തകർ അഴിമതി നടത്തിയെന്ന് ലോകായുക്ത വ്യക്തമാക്കിയതിന് ശേഷവും പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു ജി സുധാകരൻറെ അഭിപ്രായം. മറ്റ് നിരവധി ഇടത് നേതാക്കളും ഭേദഗതിയെ എതിർത്തിരുന്നു.