
ചെയ്‌ത വേഷങ്ങളിലെല്ലാം വ്യത്യസ്തത കൊണ്ടുവന്ന താരമാണ് ഗ്രേസി ആന്റണി. അതുകൊണ്ടുതന്നെ പലരും ഉർവശിയുടെ അഭിനയവുമായി താരത്തെ സാമ്യപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഗ്രേസ്. ഉർവശി ചേച്ചിയെ പോലെ ആകാൻ തനിക്ക് പറ്റില്ലെന്നും അവർ വേറെ ലെവലാണെന്നുമാണ് അവർ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഉർവശി ചേച്ചിയെ പോലെയാണ് എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കത് കേൾക്കുമ്പോൾ പേടിയാണ്. ഞാനൊരിക്കലും മറ്റൊരാളെ പോലെ ആകാൻ ശ്രമിച്ചിട്ടില്ല. കരിയറിലായാലും ജീവിതത്തിലായാലും അങ്ങനെ ചിന്തിച്ചിട്ടുമില്ല. ഇംഗ്ലീഷ് മൂവീസൊക്കെ കാണുമ്പോൾ തോന്നിയിട്ടുണ്ട് എന്തുകൊണ്ട് അങ്ങനത്തെ കഥകൾ മലയാളത്തിൽ വരുന്നില്ലെന്ന്. ഡയറക്ടർ പറഞ്ഞു തരുന്ന കാര്യങ്ങളെ മോടി പിടിപ്പിച്ച് ചിത്രം വരയ്‌ക്കുക എന്നത് നമ്മുടെ ജോലിയാണ്.
അതാണ് എല്ലാ സിനിമയിലും ഞാൻ ചെയ്‌തു കൊണ്ടിരിക്കുന്നത്. സംവിധായകന്റെ മുഖത്ത് തെളിയുന്ന ചിരിയിലാണ് ഓരോ ഷോട്ടും ഓക്കെയാകുന്നത്. അല്ലാതെ എനിക്ക് ഇതുമതി എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവർ പറയുന്നതുപോലെ കൂട്ടിയും കുറച്ചുമെല്ലാം എക്സ്പ്രഷൻസ് മുഖത്ത് വരുത്താറുണ്ടെന്നും താരം പറഞ്ഞു.