
ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നത്. തുടക്കത്തിൽ തനിക്കും കുടുംബത്തിനും നാട്ടുകാരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായപ്പോൾ ലാൽജോസ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സമൂഹമാദ്ധ്യമത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അനുശ്രീ.
'ലാൽജോസ് സാർ കൊടുത്ത ഇന്റർവ്യൂവിലെ ഈ വാക്കുകൾ ഇന്നലെ രാത്രി വായിച്ചതിനു ശേഷം ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് വരെ അത് എന്ന ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതെഴുതുമ്പോൾ എത്രവട്ടം എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്നു എനിക്കറിയില്ല. സാർ പറഞ്ഞ പോലെ റിയാലിറ്റി ഷോയിലെ ആദ്യ കൂടിക്കാഴ്ചയിൽ ഞാൻ അണിഞ്ഞിരുന്നത് ഒരു പഴയ ചെരുപ്പായിരുന്നു. അതേ ഉണ്ടായിരുന്നുള്ളു അന്ന്. മത്സരിക്കാൻ എത്തിയ ബാക്കി ആൾക്കാരുടെ ലുക്കും വസ്ത്രവും ഒക്കെ കണ്ട് ഞാൻ ഒന്നും അല്ല എന്ന ഒരു തോന്നൽ മനസിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ ഒരു നിയോഗം പോലെ ആ ഷോയിൽ ഞാൻ വിജയിച്ചു.
പിന്നീടുള്ള ദിവസങ്ങൾ ലാൽ ജോസ് സാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ ഉള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ ആദ്യ സിനിമയായ ഡയമണ്ട് നെക്‌ലെയ്സിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത് ദുബായ്‌യിൽ. തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ഒന്നും അറിയാത്ത ഞാൻ ദുബായ്‌യിലേക്ക്. കൂടെ ഉള്ളത് എന്റെയത്ര പോലും അറിയാത്ത പാവം അമ്മ ഒരു മോറൽ സപ്പോർട്ടിന്. അവിടെ എത്തിയപ്പോഴും ഞാൻ ഒന്നുമല്ല എന്ന ചിന്ത അലട്ടാൻ തുടങ്ങിയിരുന്നു. ഒരു കമുകുംചേരികാരിക്ക് ആ തോന്നൽ സ്വാഭാവികം ആയിരുന്നുവെന്ന് അന്നെനിക്ക് മനസിലായില്ല. അന്ന് ലാൽ സാർ തന്ന മോട്ടിവേഷനിൽ ഞാൻ കലാമണ്ഡലം രാജശ്രീയായി. ചിത്രീകരണം കഴിഞ്ഞ് വീണ്ടും കമുകുചേരിയിലേക്ക്. നാട്ടിൽ എത്തിയപ്പോൾ നാട്ടുകാരുടെ പെരുമാറ്രത്തിൽ ഒരു മാറ്റം തോന്നിയിരുന്നു. ഞാനും അമ്മയും തെറ്റുകാരായി മുദ്ര ചാർത്തപ്പെട്ടിരുന്നു. നാട്ടിൽ ഞങ്ങളെ പറ്റി പറയുന്ന കഥകൾ കേട്ട് കരച്ചിൽ അടക്കാൻ വയ്യാതെ, സഹിക്കാൻ വയ്യാതെ ഞാൻ ലാൽജോസ് സാറിനെ വിളിച്ചു കരഞ്ഞിട്ടുണ്ട്.
നീ അതൊന്നും ശ്രദ്ധിക്കണ്ട, ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം പക്ഷേ മനുഷ്യന്റെ വായ മൂടി കെട്ടാൻ പറ്റില്ല എന്നായിരുന്നു സാറിന്റെ മറുപടി. ഒരു തുടക്കക്കാരി എന്ന നിലയിൽ എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം അതായിരുന്നു. എന്നും എന്റെ ഗുരുവായി മുന്നിൽ ഉണ്ടായിരുന്നത് സാർ തന്നെയായിരുന്നു. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും മണ്ടത്തരങ്ങളുമെല്ലാം സാറിന് അറിയാം. എന്റെ ജീവിതത്തിൽ ഞാനും എന്റെ കുടുംബവും എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ലാൽ സാറാണ്. എപ്പോഴും എന്റെ കൂടെ നിൽക്കുന്നതിന് നന്ദി.'' അനുശ്രീ കുറിച്ചു.