rahul-gandhi

ന്യൂഡൽഹി: ഇസ്രയേലിന്റെ ചാര സോഫ്‌‌റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുടെ ഫോൺ മോദി സർക്കാർ ചോർത്തി. ഇത് രാജ്യദ്രോഹ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് വിഷയത്തിൽ പ്രതികരിച്ച് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും രംഗത്ത് വന്നു. എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവർത്തിക്കുകയും പൗരന്മാർക്കെതിരെ ആയുധം പ്രയോഗിക്കുകയും ചെയ്തതെന്ന് മല്ലികാർജുൻ ഖാർഗെ ട്വിറ്റിലൂടെ ചോദിച്ചു. ഈ ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ചിരിക്കുന്നത് പ്രതിരോധ ആവശ്യങ്ങൾക്കല്ല. പകരം പ്രതിപക്ഷത്തിനും മാദ്ധ്യമ പ്രവർത്തകർക്കും എതിരായി ആണെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി ആരോപിച്ചു.

മിസൈല്‍ ഉള്‍പ്പെടെയുള്ള 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചാരസോഫ്റ്റ്‍‍വെയറായ പെഗാസസ് വാങ്ങിയത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കരാർ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‍വെയര്‍ കൈമാറിയതായും ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലില്‍ നടത്തിയ സന്ദർശനത്തിനിടെയാണ് പെഗാസസ് വാങ്ങാൻ ധാരണ ഉണ്ടായത് എന്ന വെളിപ്പെടുത്തലുമുണ്ട്.