
മലയാളത്തിലെ  നാടൻപാട്ടിന്റെ പെൺകരുത്തിന്റെ പേര് പ്രസീദ ചാലക്കുടി. ചാലക്കുടിയ്ക്ക് കിഴക്ക് കാഞ്ഞിരപ്പിള്ളി മടപ്പാട്ടുപറമ്പിൽ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും രണ്ടു മക്കളിൽ ഇളയവൾ. പ്രസീത പാടിയ നിന്നെക്കാണാൻ എന്നെക്കാളും എന്ന നാടൻപാട്ട് കേട്ടവരാരും ആസ്വദിക്കാതിരുന്നില്ല.   പള്ളിവാള് ഭദ്രവട്ടകം,  ഇനി വരുന്നൊരു തലമുറയ്ക്ക് തുടങ്ങി നിരവധി ഹിറ്റ് നാടൻപാട്ടുകൾ. ആന്റണി വർഗീസ് നായകനായി എത്തിയ അജഗജാന്തരം സിനിമയിൽ ഒാവളുള്ളേര്  എന്ന പാട്ടിന് മലയാളി മാത്രമല്ല സണ്ണി ലിയോണും ചുവടുവച്ചു .നാടൻപാട്ടിനെ ഡി.ജെ രൂപത്തിലാക്കി പ്രസീദ പാടിയ  പാട്ട് ഇപ്പോൾ എല്ലാ ആഘോഷത്തിലും  താരം. ഉദ്ദേശം 1.78 കോടി ആളുകൾ യൂട്യൂബിൽ  ഗാനം ആസ്വദിച്ചു. പാട്ടുവഴി വിശേഷത്തിൽ പ്രസീദ.
പാടാൻ ആദ്യം പേടി
ഒാവളുള്ളേര്  എന്ന് തുടങ്ങുന്ന നാടൻപാട്ട് പണ്ടു മുതലെ  ഉള്ളതാണ്. മാവിലർ സമുദായത്തിൽപ്പെട്ട  പാട്ടാണത്. അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും ഈ പാടുന്നു. മാവിലർ സമുദായത്തിലെ പെൺകുട്ടികൾ ഋതുമതികളാകുമ്പോൾ തിരണ്ടു കല്യാണത്തിന് പാടുന്നതാണ് ഈ പാട്ടെന്ന് ഒരു കൂട്ടർ പറയുന്നു. അതല്ല, ശരിക്കുമുള്ള കല്യാണത്തിന് പാടുന്നതാണെന്ന അഭിപ്രായവുമുണ്ട്. 
തെക്കൻ തുളു ഭാഷയിലെ ഈ പാട്ട്, പെൺകുട്ടിയെ മഞ്ഞൾ തേച്ചു കുളിപ്പിക്കുന്ന ചടങ്ങിലാണ് പാടുക. സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ഈ പാട്ട് പാടാമോ എന്ന് ചോദിച്ച് എന്നെ സമീപിച്ചപ്പോൾ എനിക്കാദ്യം പേടിയായിരുന്നു. കാരണം കാലങ്ങളായി മാവിലർ സമുദായത്തിലുള്ളവർ പാടുന്ന പാട്ടാണിത്. ഒരു സമുദായത്തിന്റെ പാട്ടിനെ ഡി.ജെ രൂപത്തിലാക്കുന്നത് വലിയ പ്രശ്നമാകും എന്ന് കരുതി.  നാടൻപാട്ട് പാടുമ്പോൾ ആ പാട്ടിന്റെ ചരിത്രം, ശരിയായ വരികൾ എല്ലാം പഠിക്കാൻ ശ്രമിക്കും. മാവിലാ ഗോത്ര സമുദായത്തിലെ നാടൻപാട്ട് കലാകാരൻ സുധീഷ് മരുതളത്തിനോട്  വരികൾ ചോദിച്ച് മനസിലാക്കിയാണ് പാടിയത്. എന്നാലും  ചില തെറ്റുകൾ വന്നിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്. എന്തായാലും പാട്ട് ആളുകൾ  ഏറ്റെടുത്തതിൽ ഏറെ സന്തോഷം.
നാടൻപാട്ടും കോളേജും
കർഷകത്തൊഴിലാളിയായ അച്ഛനിൽ നിന്നും അമ്മയുടെ അമ്മാവൻ ചാത്തുണ്ണിയിൽ നിന്നും ചെറുപ്പത്തിൽ തന്നെ നാടൻ പാട്ടുകൾ പഠിച്ചു. തൃശൂർ കേരളവർമ കോളേജിൽ ബി.എസ്സി ബോട്ടണിക്ക്  പഠിക്കുമ്പോൾ കോളേജ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കോളേജിൽ ചേർന്നശേഷം ആദ്യം പോയത് ക്ലാസിലേക്കല്ല. എസ്.എഫ്.ഐയുടെ പ്രകടനത്തിനായിരുന്നു. എസ്.എഫ്.ഐയുടെ   പ്രചാരണജാഥയിൽ കൈതോല പായവിരിച്ച് എന്ന ഗാനം പാടി. കോളേജിലെ ലാലപ്പൻ സഖാവ്, എന്നെ വസന്തൻ ചേട്ടൻ നയിക്കുന്ന നാടൻപാട്ട് ടീമിൽ കോറസ് പാടാനായി ചേർത്തു. തുടർന്ന് തൃശൂർ സംഗീത നാടക അക്കാഡമിയുടെ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. അതിനുശേഷം കോളേജിലെ ഉഷ കുമാരി ടീച്ചർ പറഞ്ഞിട്ട് തൃശൂർ ജനനയന എന്ന സംഘത്തിൽ ചേരുന്നു. അവിടെനിന്നാണ് അഡ്വ. വി.ഡി പ്രേംപ്രസാദ് മാഷിനെയും ചന്ദ്രശേഖരൻ ചേട്ടനെയും പരിചയപ്പെടുന്നതും നിന്നെക്കാണാൻ എന്നെക്കാളും എന്ന പാട്ടുപാടാൻ അവസരം ലഭിക്കുന്നതും. തുടർന്ന് നിരവധി ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, യു.കെ, സ്വിസർലൻഡ് എന്നിവിടങ്ങളിൽ  നാടൻപാട്ട് പാടാൻ അവസരം ലഭിച്ചു.തൃശൂർ ടി.എസ്.ഡി.സി ന്റെ  മലയാളി മുദ്ര  പുരസ്കാരമാണ് ആദ്യമായി ലഭിക്കുന്ന അംഗീകാരം.  സ്ത്രീശക്തി പുരസ്കാരം,  വെട്ടിയാർ പ്രേംനാഥ് പുരസ്കാരം, ജീവൻ രവി മാസ്റ്റർ വിഷൻ അവാർഡ് , സംഗീത നാടക അക്കാഡമിയുടെ അവാർഡ്, രണ്ട് തവണ കലാഭവൻ മണി പുരസ്കാരം എന്നിവ  ലഭിച്ചു.
ഫോക്ലോർ പഠനം
വലിയ ജോലിസാദ്ധ്യത   ഇല്ലെന്ന് അറിഞ്ഞുത്തന്നെയാണ്  എം.എ ഫോക്ലോർ പഠിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് ലഭിച്ചു. തുടർന്ന് ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ നെറ്റ് പാസായി. അവിടെത്തന്നെ ആർക്കൈവ്സിൽ ഡിപ്ലോമ കോഴ്സ് ചെയ്തു.  കലാമണ്ഡലത്തിൽനിന്ന് എം.ഫിൽ പൂർത്തിയാക്കി.  പരിപാടികളുടെ തിരക്കിൽ പിഎച്ച്.ഡി പഠനം നിർത്തി. ഇനി അത് തുടങ്ങണം.
പാട്ടിന്റെ കുടുംബം
ഭർത്താവ് മനോജ് കുമാർ.നാടൻ പാട്ട് കലാകാരനാണ്.  പതി ഫോക് അക്കാഡമി എന്ന സംഘത്തിന് നേതൃത്വം നൽകുന്നു. മകൻ കാളിദാസ്.