
ചെന്നൈ: നീറ്റ് പരീക്ഷയിൽ മികച്ച റാങ്കിൽ വിജയിക്കുക എന്നത് മെഡിക്കൽ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും വലിയ ആഗ്രഹമാണ്. അദ്ധ്യാപകനായി ദീർഘകാലം പ്രവർത്തിച്ച ശേഷം 61ാം വയസിൽ ആ സ്വപ്‌നം സാക്ഷാത്‌കരിച്ചിരിക്കുകയാണ് കെ.ശിവപ്രകാശം.
തമിഴ്‌നാട് സ്വദേശിയായ ശിവപ്രകാശം 349ാം റാങ്കോടെയാണ് നീറ്റ് പരീക്ഷ പാസായത്. ഗവൺമെന്റ് സ്‌കൂൾ വിദ്യാർത്ഥിയുടെ ക്വാട്ടയിൽ പ്രവേശനത്തിനും അദ്ദേഹം ശ്രമിച്ചു. എന്നാൽ ഒരു സാങ്കേതിക പ്രശ്‌നം കാരണം ശിവപ്രകാശത്തിന്റെ മെഡിക്കൽ പ്രവേശനം പൊലിഞ്ഞുപോയി. പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ്(പിയുസി) മുൻപ് പാസായ ആളാണ് ശിവപ്രകാശം. ഇത് തമിഴ്‌നാട് സർക്കാർ നിർത്തലാക്കിയ യൂണിവേഴ്‌സിറ്റി കോഴ്‌സാണ്. ആ കോഴ്‌സ് പാസായതിനാലാണ് ശിവപ്രകാശത്തിന് അയോഗ്യത കൽപിച്ചത്.
സുവോളജി അദ്ധ്യാപകനായി വിരമിച്ചയാളാണ് ശിവപ്രകാശം. 437 സീറ്റുകളിലാണ് പ്രവേശനമുളളത്. ശിവപ്രകാശത്തിന് പ്രവേശനം ലഭിക്കേണ്ടതുമാണ്. എന്നാൽ തന്റെ മകനോട് ശിവപ്രകാശം ഇക്കാര്യം ചർച്ച ചെയ്‌തപ്പോൾ ഒരു യുവാവിന് അവസരം നഷ്‌ടമാകുന്നതിനാൽ മെഡിക്കൽ പ്രവേശനം നേടേണ്ട എന്ന അഭിപ്രായമാണ് മകൻ പറഞ്ഞത്. കന്യാകുമാരി സർക്കാർ ആശുപത്രിയിലെ ഹൗസ് സർജനാണ് മകൻ.
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു യുവാവിന് തന്റെ സീറ്റ് നൽകാനാകുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ശിവപ്രകാശം അഭിപ്രായപ്പെട്ടു,