
കൊച്ചി: സർക്കാരിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ പുതിയ ഡയറക്ടർ ബോർഡിൽ എട്ടംഗങ്ങളുണ്ടായേക്കും. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തന്നെ ബോർഡിനെ നയിക്കുമെന്ന് അറിയുന്നു. ടാറ്റാ ഗ്രൂപ്പിന് വിസ്‌താര, എയർ ഏഷ്യ ഇന്ത്യ എന്നിവയിലും വലിയ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും ഇവയുടെ ഡയറക്ടർ ബോർഡിൽ എൻ. ചന്ദ്രശേഖരൻ അംഗമായിട്ടില്ല.
എയർ ഇന്ത്യയെ അതിവേഗം നേട്ടത്തിലേക്ക് ഉയർത്തേണ്ടത് ടാറ്റാ ഗ്രൂപ്പ് ഗൗരവമായി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എൻ. ചന്ദ്രശേഖരൻ തന്നെ എയർഇന്ത്യ ചെയർമാൻ സ്ഥാനം വഹിക്കാനൊരുങ്ങുന്നത്. ഇക്കാര്യം ടാറ്റ സ്ഥിരീകരിച്ചിട്ടില്ല. ആഗോള വ്യോമയാന രംഗത്ത് മൂന്നര പതിറ്റാണ്ടിന്റെ പരിചയമുള്ള അമേരിക്കക്കാരൻ ഫ്രെഡ് റീഡ് എയർ ഇന്ത്യ സി.ഇ.ഒ ആയേക്കും.
നിലവിൽ എയർ ഇന്ത്യയുടെ ഇടക്കാല മാനേജ്‌മെന്റിനെ നയിക്കുന്ന ടാറ്റാ സൺസ് സീനിയർ വൈസ് പ്രസിഡന്റ് നിപുൺ അഗർവാൾ, എയർ ഇന്ത്യയിൽ ഫിനാൻസ്, കൊമേഴ്‌സ്യൽ, ഓപ്പറേഷൻസ് വിഭാഗത്തെ നയിച്ച ഡയറക്‌ടർമാർ എന്നിവരും ഡയറക്ടർ ബോർഡിലെത്തും. ഹിന്ദുസ്ഥാൻ യൂണിലിവർ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജീവ് മേത്ത സ്വതന്ത്ര ഡയറക്‌ടറായേക്കും.
മലയാളി ആലീസ് ജി. വൈദ്യൻ
സ്വതന്ത്ര ഡയറക്ടറായേക്കും
ഇൻഷ്വറൻസ് രംഗത്ത് 36 വർഷത്തെ പരിചയസമ്പത്തും ആഗോളതലത്തിൽ അംഗീകാരം നേടിയ ഇൻഷ്വറൻസ് വിദഗ്ദ്ധയുമായ ആലീസ് ജി. വൈദ്യൻ എയർ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്‌ടറായേക്കും. മാവേലിക്കര സ്വദേശിയാണ്. ഫോർച്യൂൺ മാഗസിന്റെ ലോകത്തെ ഏറ്റവും ശക്തരായ 50 വനിതകളുടെ പട്ടികയിൽ അംഗമായിട്ടുള്ള ആദ്യ മലയാളി വനിതയായ ആലീസ്, ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷന്റെ (ജി.ഐ.സി-റീ) ചെയർമാൻ കം മാനേജിംഗ് ഡയറക്‌ടറായിരുന്നു (സി.എം.ഡി). ഇന്ത്യൻ ഇൻഷ്വറൻസ് രംഗത്തെ ആദ്യ വനിതാ സി.എം.ഡിയുമായിരുന്നു ആലീസ്.