
ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം ആഷ്ലി ബാർട്ടിക്ക്
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം ആസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിക്ക്. ഇന്നലെ നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം. 6-3, 7-6 (2) എന്ന സ്‌കോറിനാണ് ബാർട്ടി കോളിൻസിനെ കീഴടക്കി തന്റെ കന്നി ആസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്.
കലാശക്കളിയിലെ ആദ്യ സെറ്റിൽ ആധിപത്യം പുലർത്തിയ ബാർട്ടിയെ രണ്ടാം സെറ്റിൽ കോളിൻസ് ഒന്നു വിറപ്പിച്ചിരുന്നു. രണ്ടാം സെറ്റിൽ ബാർട്ടിയുടെ ആദ്യ സർവ് ബ്രേക്ക് ചെയ്ത് 2-0ത്തിന് മുന്നിലെത്തിയ കോളിൻസിനെ വിട്ടുകൊടുക്കാതെ പൊരുതിയ ബാർട്ടി 5-5നും 6-6നും തുല്യതയിൽ പിടിച്ചശേഷം ടൈബ്രേക്കറിൽ തകർപ്പൻ എയ്സുകൾ പായിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു.
44 വർഷത്തെ കാത്തിരിപ്പാണ്...
44 വർഷങ്ങൾക്കു ശേഷം ആസ്‌ട്രേലിയൻ ഓപ്പൺ വനിതാം സിംഗിൾസ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ ബാർട്ടിക്ക് സ്വന്തമായി. 1978-ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒനീലാണ് ബാർട്ടിക്ക് മുമ്പ് ഈ കിരീടം നേടിയ ഓസീസ് വനിതാ താരം.
3
ആഷ്ലി ബാർട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാൻസ്ലാം നേട്ടമാണിത്. 2019-ലെ ഫ്രഞ്ച് ഓപ്പണിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം കിരീടം സ്വന്തമാക്കിയത്. അന്ന് ഫൈനലിൽ കീഴടക്കിയത് മാർക്കേറ്റ വൻഡ്രുസോവയെയാണ്.6-1,6-3നായിരുന്നു ബാർട്ടിയുടെ വിജയം. 2021-ലെ വിംബിൾഡണിലൂടെ രണ്ടാം ഗ്രാൻസ്ളാം കിരീടം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത് കരോളിന പ്ളിസ്കോവയെ.
41 വർഷങ്ങൾക്ക് ശേഷം ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ തന്നെ ബാർട്ടി സ്വന്തമാക്കിയിരുന്നു. 1980-ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ആസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.
സകല കായിക വല്ലഭ
ടെന്നിസിൽ മാത്രമൊതുങ്ങുന്നില്ല ബാർട്ടിയുടെ കായിക പ്രതിഭ. നാലാം വയസിൽ ടെന്നിസ് റാക്കറ്റെടുത്ത ബാർട്ടി 16 വയസ് തികയും മുമ്പേ ടെന്നിസിൽ നിന്നൊരു ബ്രേക്ക് എടുത്തു. ജൂനിയർ വിംബിൾഡൺ ചാമ്പ്യനായ ശേഷമായിരുന്നു 2014ലെ പിന്മാറ്റം. തുടർന്ന് നേരേ പോയത് ക്രിക്കറ്റിലേക്ക്. പ്രഥമ വനിതാ ബിഗ്ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റിന്റെ കളിക്കാരിയായി. രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും ടെന്നിസിലെത്തിയത്. ക്രിക്കറ്റ് കളിച്ചത് തന്റെ ഹാൻഡ് പവർ കൂട്ടിയെന്ന് ആഷ്ലി പറയുന്നു. ഈ ആസ്ട്രേലിയൻ ഓപ്പണിനിടെ ആഷ്ലിയും കൂട്ടുകാരും ഹോാലിൽ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗോൾഫിലും ഒരു കൈ നോക്കാൻ ആഷ്ലി മടിച്ചിട്ടില്ല.