bengal-medical-college-wa

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാൻ മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലുണ്ടായ തീ പിടിത്തത്തിൽ ഒരു രോഗി മരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഈസ്റ്റ് ബർദ്വാൻ
സ്വദേശിയായ സന്ധ്യ റോയ് എന്ന 60കാരിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് ആശുപത്രിയിലെ രാധാറാണി വാർഡിൽ തീ പടർന്നത്.

കൊവിഡ് രോഗികൾക്കായി പ്രത്യേകം സജ്ജീകരിച്ചതായിരുന്നു ഈ വാർഡ്. തീ ആളിപ്പടരുന്നതു കണ്ട് രോഗികളുടെ ബന്ധുക്കൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വാർഡിലുണ്ടായിരുന്ന മറ്റ് രോഗികളെല്ലാം സുരക്ഷിതരാണെന്നും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തങ്ങൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി ബർദ്വാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രബിർ സെൻഗുപ്ത പറഞ്ഞു. ആശുപത്രിയിൽ ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.