p

കൊച്ചി: ഗർഭിണികളായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള സർക്കുലർ എസ്.ബി.ഐ പിൻവലിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ തുടരുമെന്ന് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 31നുള്ള സർക്കുലറാണ് പിൻവലിച്ചത്. നിയമനം നേടുന്നവരുടെ ആരോഗ്യ പരിശോധന ബാങ്ക് നടത്താറുണ്ട്. നിയമനം ലഭിച്ച ഉദ്യോഗാർത്ഥി ഗർഭിണിയായി മൂന്നുമാസമോ അതിനുമുകളിലോ ആയിട്ടുണ്ടെങ്കിൽ, ആരോഗ്യക്ഷമത തത്കാലമില്ലെന്ന് കണക്കാക്കി, കുഞ്ഞ് ജനിച്ച് നാലുമാസത്തിനുശേഷം ജോലിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നായിരുന്നു സർക്കുലർ.

നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ട ഡ​ൽ​ഹി​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സ്വാ​തി​ ​മാ​ലി​വാ​ൾ​ ​വിശദീകരണം ആവശ്യപ്പെട്ട് എസ്.ബി.ഐ ചെയർമാന് നോട്ടീസ് നൽകി. തുല്യനീതിക്ക് വിരുദ്ധമായ സർക്കുലർ പിൻവലിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്, സർക്കുലർ ബാങ്ക് പിൻവലിച്ചത്.

വനിതാ ജീവനക്കാരുടെ ശാക്തീകരണത്തിനും സുരക്ഷയ്ക്കും എന്നും മുൻഗണന നൽകിയിട്ടുണ്ടെന്നും സർക്കുലറിനെ ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി. കാലഹരണപ്പെട്ടതും വ്യക്തമല്ലാത്തതുമായ മാനദണ്ഡങ്ങൾ തിരുത്തുകയായിരുന്നു ലക്ഷ്യം. ബാങ്കിന്റെ ജീവനക്കാരിൽ 25 ശതമാനം പേർ വനിതകളാണെന്നും സർക്കുലർ പിൻവലിച്ചുള്ള അറിയിപ്പിൽ ബാങ്ക് വ്യക്തമാക്കി.

നിലവിലെ മാനദണ്ഡപ്രകാരം ആറുമാസം വരെ ഗർഭിണിയായവർക്ക് ജോലിയിൽ പ്രവേശിക്കാം. ഇവർ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഗൈനക്കോളജിസ്‌റ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.