
10 വർഷം. 40 സിനിമകൾ.സിനിമയുടെ ക്രീസിൽ നായകനടനായി നിറഞ്ഞു നിൽക്കുകയാണ് ടൊവിനോ തോമസ്.
'പ്രഭുവിന്റെ മക്കൾ" എന്ന സിനിമയിലൂടെ കാമറയുടെ മുന്നിൽ എത്തിയപ്പോൾ മുതൽ മലയാളികളെ വിസ് മയിപ്പിക്കുന്ന നടൻ. തിരികെ അവരുടെ മതിയാവുവോളം സ് നേഹം ലഭിച്ചു. നായകനടനായി തിളങ്ങുന്നതിനൊപ്പം ഇടയ്ക്ക് നിർമാതാവിന്റെ കുപ്പായം അണിഞ്ഞു.അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ 'മിന്നൽ മുരളി" നാൽപ്പതാമതു സിനിമയായി 'ഒാടി"പ്പാഞ്ഞു.മനസ് തുറന്നു സംസാരിക്കുന്നതാണ് ടൊവിനോയുടെ രീതി.
അഭിനയയാത്ര പത്തുവർഷം പിന്നിടുമ്പോൾ എന്താണ് പഠിച്ചതും തിരുത്തിയതും ?
പഠനവും തിരുത്തലും എല്ലാ ദിവസവും നടക്കുന്നുണ്ട്. ഒാരോ സിനിമ കഴിയുമ്പോഴും അനുഭവം കൂടുന്നു. സിനിമയിൽ വന്ന സമയത്തേക്കാൾ വേഗത്തിൽ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നു. കാലഘട്ടം മാറുന്നു.
ചുറ്റുമുള്ള ലോകം മാറുന്നു. അപ്പോൾ നമ്മൾ അപ്ഡേറ്റാവാണം. മൂന്നാലുവർഷമായി നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നിൽ തന്നെ മാറ്റം വരുത്തിയ കാര്യങ്ങളുണ്ട്. ചിന്തയും കാഴ്ചപ്പാടും ജീവിത വീക്ഷണവും മാറി.ആരോഗ്യം മുൻപത്തേക്കാൾ നല്ല നിലയിൽ എത്തി. ഭക്ഷണം,  ഉറക്കം എന്നീ കാര്യങ്ങളിൽ മാത്രമല്ല ആളുകളോടുള്ള സംസാരരീതി എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു.
നല്ല വ്യക്തി എന്ന നിലയിൽ പാകപ്പെടുത്താൻ എല്ലാം സഹായിക്കുന്നു.
പുതുവർഷം നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെയാണ് ?
പ്രതീക്ഷ മാത്രമല്ല പ്രത്യേകതയുമുണ്ട്. അതിലൂടെയാണ് പുതുവർഷ യാത്ര. ഏറ്റവും സന്തോഷം നിറഞ്ഞ ക്രിസ്മസാണ് കഴിഞ്ഞത്. 'മിന്നൽ മുരളി" വന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമ റിലീസ് ചെയ്തു. അത് എന്റെ മാത്രമല്ല, 'മിന്നൽ മുരളി"യിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ല ദിവസമായി മാറിയതിൽ സന്തോഷമുണ്ട്. നന്നായിട്ട് എഴുതിയ പരീക്ഷയയുടെ ഉത്തരക്കടലാസ് കാത്തിരുന്ന കുട്ടിയെ പോലെയായിരുന്നു ഞാൻ.നല്ല മാർക്കു തന്നെ ലഭിച്ചു. ഷൂട്ടിംഗുകൾ വീണ്ടും ആരംഭിച്ചു.വീണ്ടും സിനിമയോടൊപ്പം യാത്ര.
സംവിധാനം ടൊവിനോ തോമസ് എന്ന് എപ്പോൾ വായിക്കാൻ കഴിയും?
ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. വെറും ഒരാഗ്രഹം കൊണ്ടുമാത്രം സംവിധായകനാകാൻ കഴിയില്ല. ഒപ്പമുള്ള എല്ലാവരും ചെയ്യുന്ന ജോലിയെപ്പറ്റി സംവിധായകന് ധാരണ ഉണ്ടാവണം. നല്ല കോ ഒാർഡിനേറ്ററും അതിനൊപ്പം തന്നെ ക്രിയേറ്ററുമായിരിക്കണം . അവിടേക്ക് എത്തിച്ചേരാൻ ഇനിയും കുറെ കാര്യം പഠിക്കാനുണ്ട്. പണി അറിയാവുന്ന ഒരുപാട് സംവിധായകരുണ്ട് ഇവിടെ. അവരിൽ നിന്നൊക്കെ പഠിക്കാൻ ശ്രമിക്കാറുണ്ട്. നടൻ എന്ന നിലയിൽ ഇൗ യാത്ര മുന്നോട്ട് പോവട്ടെ. സംവിധാനം ചെയ്യാൻ എന്നെങ്കിലും പ്രാപ്തനായി എന്ന് സ്വയം തോന്നുമ്പോൾ ആലോചിക്കും.
ഇൗ തിരക്കിനിടെ എപ്പോഴായിരിക്കും വീട്ടുകാരെ കാണുക ?
'തല്ലുമാല"യിൽ അഭിനയിക്കാൻ ഒരു മാസം തലശേരിയിലായിരുന്നു. വീട്ടിലേക്ക് ഇനി തിരിച്ചുപോവുക ഫെബ്രുവരിയിലാണ്. രണ്ടുദിവസം വീട്ടിൽ നിൽക്കണം. വീട്ടുകാർ ലൊക്കേഷനിൽ വന്നാണ് കാണുന്നത്. സിനിമയ്ക്ക് ഒരു താരത്തിനെയും വേണ്ട. ഞങ്ങൾക്ക് എല്ലാവർക്കും സിനിമയെയാണ് വേണ്ടത്. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുന്നതിനു വേണ്ട ശ്രമം നടക്കുന്നു.നമ്മളെ ആശ്രയിച്ച് ഒരുപാട് പേർ നിൽക്കുന്നുണ്ട്. അവരുടെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണം.