
ആസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് റാഫേൽ നദാൽ - ഡാനിൽ മെദ്വദേവ് പോരാട്ടം
ഇന്ന് ജയിച്ചാൽ നദാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിൽ ഒറ്റയ്ക്ക്
മെൽബൺ: ഗ്രാൻസ്ളാം ടെന്നിസിലെ ചരിത്രപ്പിറവിക്ക് ഇന്ന് മെൽബൺ സാക്ഷ്യം വഹിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇന്ന് റഷ്യൻ യുവതാരം ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ച് കിരീടമുയർത്താനായാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന പുരുഷ താരമെന്ന ചരിത്രനേട്ടത്തിൽ സ്പെയ്ൻകാരനായ നദാൽ ഒറ്റയ്ക്ക് വിരാജിക്കും.
20 ഗ്രാൻസ്ലാം കിരീടങ്ങളുമായി റോജർ ഫെഡറർ, നൊവാക്ക് ജോക്കോവിച്ച് എന്നിവരുമായി റെക്കാഡിന്റെ സിംഹാസനം പങ്കിടുകയാണ് നദാൽ ഇപ്പോൾ.പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനാകാത്ത ഫെഡറർ ഇക്കുറി ആസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാനെത്തിയില്ല. കൊവിഡ് വാക്‌സിൻ എടുക്കാത്തതിന്റെ പേരിലുയർന്ന വിവാദങ്ങളെത്തുടർന്ന് ജോക്കോവിച്ചിനെ മത്സരിപ്പിക്കാതെ തിരിച്ചയച്ചു. ഇതോടെ റെക്കാഡ് ഒറ്റയ്ക്ക് സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരമാണ് നദാലിന് തുറന്ന് കിട്ടിയിരിക്കുന്നത്.
സെമിഫൈനലിൽ ഇറ്റലിയുടെ മാറ്റിയോ ബരേറ്റിനിയെ 6-3, 6-2, 3-6, 6-3ന് തോൽപ്പിച്ചാണ് നദാൽ ഫൈനലിലെത്തിയത്.
രണ്ടാം സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ 7-6, 4-6, 6-4, 6-1 ന് തോല്‍പ്പിച്ച് മെദ്‌വെദേവും ഫൈനലിലെത്തി.
നേരത്തേ നാലുവട്ടം പരസ്പരം ഏറ്റുമുട്ടിയപ്പോൾ മൂന്നുതവണ നദാലും ഒരുതവണ മെദ്‌വെദേവും ജയിച്ചു.
ആസ്‌ട്രേലിയൻ ഓപ്പണിൽ നദാലിന് ഒരേയൊരു കിരീടമേയുള്ളൂ, 2009-ലാണത്. അഞ്ചുവട്ടം ഇവിടെ ഫൈനലിൽ തോറ്റു.
മെദ്‌വെദേവിന്റെ തുടർച്ചയായ രണ്ടാം ആസ്‌ട്രേലിയൻന്‍ ഓപ്പൺ ഫൈനലാണിത്.കഴിഞ്ഞവർഷം ഫൈനലിൽ ജോക്കോവിച്ചിനോട് തോറ്റു.
കഴിഞ്ഞവർഷത്തെ അവസാന ഗ്രാൻസ്ലാമായ യു.എസ്. ഓപ്പണിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച് കിരീടം നേടിയ മെദ്‌വെദേവ് ഇന്ന് ജയിച്ചാൽ തുടർച്ചയായി രണ്ടു ഗ്രാൻസ്ലാമുകൾ നേടുന്ന ആദ്യ റഷ്യക്കാരനാകും.
ടി.വി ലൈവ് : ഉച്ചയ്ക്ക് രണ്ടുമുതൽ സോണി ടെൻ ചാനലിൽ . സോണി ലിവിലും ജിയോ ടി.വിയിലും ലൈവ് സ്ട്രീമിംഗ്.