
പനജി : സാധാരണക്കാരന് അപ്രാപ്യമായ രാജ്ഭവൻ ജനകീയ രാജ്ഭവനാക്കി മാറ്റുക എന്ന ചരിത്രപരമായ ദൗത്യമാണ് ഗോവയിൽ ഗവർണറായി എത്തിയ ശേഷം പി.എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചതെന്ന ഹിമാചൽ പ്രദേശ് ഗവർണറും ഗോവ മുൻ അസംബ്ലി സ്പീക്കറുമായ രാജേന്ദ്ര അർ ലേക്കർ പറഞ്ഞു. രാജ്ഭവനെ അദ്ദേഹം ലോക് ഭവനാക്കി.
ഗോവയിലെ പത്മശ്രീ ജേതാക്കളായ തപോഭൂമി ആശ്രമാധിപൻ ബ്രഹ്മേശാനന്ദ സ്വാമികൾക്കും മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്‌റ്റനും ഗോൾകീപ്പറുമായ ബ്രഹ്മാനന്ദനും രാജ്ഭവനിലെ ദർബാർ ഹാളിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോണ പോളയിലെ ഗോവ രാജ്ഭവനും സാധാരണക്കാരനും തമ്മിലുണ്ടായിരുന്ന വിടവ് ശ്രീധരൻ പിള്ളയുടെ വരവോടെ ഇല്ലാതായതായി ഹിമാചൽ ഗവർണർ പറഞ്ഞു. രാജ്ഭവനെ സാധാരണക്കാരന് സമീപിക്കാവുന്ന ഒന്നാക്കി അദ്ദേഹം മാറ്റി. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നു കൊണ്ട് അദ്ദേഹം ഗോവക്കായി പ്രവർത്തിച്ചു. ഇന്ന് ഗോവൻ ജനത തങ്ങളുടെ രക്ഷാകർതൃ സ്ഥാനത്താണ് ഗവർണറെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുക എന്നത് അദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് ഹിമാചൽ പ്രദേശ് ഗവർണർ പറഞ്ഞു.
ചടങ്ങിൽ പത്മശ്രീ ജേതാക്കളെ ഗോവ ഗവർണർ ശ്രീധരൻ പിള്ള ആദരിക്കുകയും ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർ ലേക്കർ ഉപഹാരം നൽകുകയും ചെയ്തു.രാജ്ഭവൻ സെക്രട്ടറി മിഹിർ വർധൻ ഐ.എ.എസ് സ്വാഗതവും മെസ്സി ഡി സൂസ്സ നന്ദിയും പറഞ്ഞു.