
കാൻബെറ : കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിനുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ അലൻ ബോർഡർ മെഡലിന് പേസർ മിച്ചൽ സ്റ്റാർക്ക് അർഹനായി. മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാർക്ക് പുരസ്‌കാരം ആൾറൗണ്ടർ ആഷ്‌ലി ഗാർനർ സ്വന്തമാക്കി.
പോയവർഷം ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലെയും മികച്ച പ്രകടനമാണ് സ്റ്റാർക്കിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 43 വിക്കറ്റുകളാണ് താരം കഴിഞ്ഞ വർഷം നേടിയത്.
22 വർഷത്തിനിടെ അലൻ ബോർഡർ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ മാത്രം ബൗളർ കൂടിയാണ് സ്റ്റാർക്ക്. വോട്ടിംഗിലൂടെയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്. ഓസീസിന്റെ ട്വന്റി-20 ലോകകപ്പ് ഹീറോ മിച്ചൽ മാർഷിനെ മറികടന്നാണ് സ്റ്റാര്‍ക്കിന്റെ പുരസ്‌കാര നേട്ടം. ഇത്തവണത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും സ്റ്റാർക്കിനാണ്. മികച്ച ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരം മിച്ചൽ മാർഷിന് ലഭിച്ചു.
കഴിഞ്ഞ വർഷത്തെ ഓസീസിന്റെ മൂന്നാമത്തെ ഉയർന്ന റൺ സ്‌കോററും അഞ്ചാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരിയുമാണ് ആഷ്‌ലി ഗാർനർ. കഴിഞ്ഞ വർഷം 35.10 ശരാശരിയിൽ നാല് അർദ്ധ സെഞ്ച്വറികളടക്കം 281 റൺസെടുത്ത താരം ഒമ്പത് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.