
കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ ഒട്ടുമിക്ക മേഖലകളും ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി ബഡ്ജറ്റിനെ ഉറ്റുനോക്കുന്നതെന്നതിനാൽ ധനമന്ത്രി നിർമ്മലയ്ക്ക് മുന്നിലെ വെല്ലുവിളികൾ നിസാരമല്ല. സമ്പദ്വ്യവസ്ഥയ്ക്ക് ഊർജം പകരുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും വേണം.
തൊഴിലില്ലായ്മ
കൊവിഡിൽ കേന്ദ്രത്തെ ഏറെ വലച്ചത് തൊഴിലില്ലായ്മ നിരക്കുവർദ്ധനയാണ്. തൊഴിലവസരങ്ങൾ ഉയർത്താനും സാമ്പത്തിക അസമത്വം കുറയ്ക്കാനുമുള്ള നടപടികൾ ഇക്കുറി ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം.
ജി.ഡി.പി വളർച്ച
2019-20ൽ ദശാബ്ദത്തിലെ ഏറ്റവും താഴ്ചയായ നാല് ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. 2020-21ൽ ഇരുട്ടടിയായി കൊവിഡെത്തിയതോടെ വളർച്ച നെഗറ്റീവ് 7.3 ശതമാനത്തിലേക്ക് കൂപ്പുകുത്തി. നടപ്പുവർഷം പ്രതീക്ഷ പോസിറ്റീവ് 9.2 ശതമാനമാണ്. എന്നാൽ, കൊവിഡ് മൂന്നാംതരംഗത്തിലേക്ക് കടന്നതിനാൽ, വളർച്ചാപ്രതീക്ഷ നിലനിറുത്താൻ ബഡ്ജറ്റിൽ പദ്ധതികൾ വേണം.
ധനക്കമ്മി
കൊവിഡിൽ കേന്ദ്രത്തിന്റെ ധനക്കമ്മി കുതിച്ചത് ജി.ഡി.പിയുടെ 9.3 ശതമാനത്തിലേക്ക്. പുതുക്കിയ ലക്ഷ്യം 6.8 ശതമാനമാണ്. അതേസമയം, ജനക്ഷേമ പദ്ധതികൾ വാരിക്കോരി നൽകേണ്ട സ്ഥിതിയുമുണ്ട്. പൊതുമേഖലാ ഓഹരി വില്പന ഊർജിതമാക്കി ധനക്കമ്മി നിയന്ത്രിക്കാനാകും സർക്കാർ ശ്രമം.
ഓഹരി വില്പന
പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവർഷം 1.75 ലക്ഷം കോടി രൂപയാണ് കേന്ദ്രലക്ഷ്യം. ഇതുവരെ സമാഹരിച്ചത് വെറും 9,329.9 കോടി രൂപ. ബി.പി.സി.എൽ വിറ്റൊഴിയൽ (50,000 കോടി രൂപ), എൽ.ഐ.സി ഐ.പി.ഒ (65,000 കോടി രൂപ) തുടങ്ങിയവ സാക്ഷാത്കരിക്കാൻ ശേഷിക്കുന്നത് രണ്ടുമാസം.
2022-23ലും ഓഹരി വില്പന തുടരും. കൂടുതൽ കമ്പനികളെ ഉൾപ്പെടുത്തും. പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണമുണ്ടാകും. പൊതുമേഖലാ ബാങ്കുകളിലേക്കുള്ള എഫ്.ഡി.ഐ പരിധി നിലവിലെ 20 ശതമാനത്തിൽ നിന്ന് ഉയർത്തിയേക്കാം.
ഉപഭോക്തൃ വിപണി
കൊവിഡിൽ തളർന്ന ഉപഭോക്തൃ വാങ്ങൽശേഷി ഉയർത്താനായി ആദായനികുതിയിളവ് വേണമെന്ന ആവശ്യം ശക്തം.
 സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 50,000 രൂപയിൽ നിന്ന് ഉയർത്തണമെന്ന് വ്യാപക ആവശ്യമുണ്ട്. ഇതു ധനമന്ത്രി പരിഗണിച്ചാൽ 75,000 രൂപയോ ഒരുലക്ഷം രൂപയോ ആക്കിയേക്കും.
 സെക്ഷൻ 80സി പ്രകാരമുള്ള ഇളവ് നിലവിലെ 1.50 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കിയേക്കും.
നാണയപ്പെരുപ്പം
കൊവിഡിൽ ആഗോളതലത്തിൽ തന്നെ നാണയപ്പെരുപ്പം കൂടുകയാണ്. ഇന്ത്യയിലും അവശ്യവസ്തുക്കളുടെ വില ഉയരുന്നു. നാണയപ്പെരുപ്പം പരിധിവിട്ടാൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കൂട്ടും. തളർച്ചയിൽ നിന്നുള്ള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന് ഇതു തടസമാകും. അതുകൊണ്ട്, വിലക്കയറ്റം പിടിച്ചുനിറുത്തുകയെന്ന വലിയ വെല്ലുവിളിക്കും ബഡ്ജറ്റിൽ പരിഹാരം കാണേണ്ടുന്ന ദൗത്യം നിർമ്മലയ്ക്കുണ്ട്.