amitsha
amitsha

ലക്‌നൗ: ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളും (ആർ.എൽ.ഡി) തമ്മിലുള്ള സഖ്യം വോട്ടെണ്ണൽ വരെ മാത്രമേ നിലനിൽക്കൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പടിഞ്ഞാറൻ യു.പിയിലെ മുസാഫർനഗറിൽ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രബലരായ ജാട്ട് സമുദായത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ് ഷായുടെ പര്യടനം.

എസ്.പി സർക്കാർ അധികാരത്തിലെത്തിയാൽ, അസംഖാൻ മന്ത്രിസഭയിൽ വരുമെന്നും ആർ.എൽ.ഡി പ്രസിഡന്റ് ജയന്ത് ചൗധരി പുറത്താകുമെന്നും ഷാ പറഞ്ഞു. 'അഖിലേഷ് യാദവും ജയന്ത് ചൗധരിയും പത്രസമ്മേളനം നടത്തി ഒരുമിച്ച് നിൽക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഈ കൂട്ടുകെട്ട് എത്രകാലം നിലനിൽക്കും?. യുപിയിൽ എസ്.പി സർക്കാർ രൂപീകരിച്ചാൽ ജയന്ത് ഭായിയെ പുറത്താക്കി അസം ഖാൻ തിരിച്ചുവരും. തിരഞ്ഞെടുപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് അവരുടെ സ്ഥാനാർത്ഥി പട്ടിക നോക്കിയാൽ വ്യക്തമാകും.' ഷാ പറഞ്ഞു.

'അഖിലേഷിന് ഒട്ടും നാണമില്ല. ഇന്നലെ ഇവിടെ ക്രമസമാധാന നില ശരിയല്ലെന്ന് അഖിലേഷ് പറഞ്ഞു. ഇന്ന് ഞാൻ ഈ പൊതു പരിപാടിയിൽ കണക്കുകൾ നിരത്തി അതു തള്ളുന്നു. ധൈര്യമുണ്ടെങ്കിൽ സമാജ്‌വാദി പാർട്ടിയുടെ മുൻ ഭരണത്തിന്റെ നേട്ടങ്ങൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കാൻ ഷാ വെല്ലുവിളിച്ചു.

പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി.യെ കെട്ടുകെട്ടിക്കുമെന്ന് മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവും ജയന്ത് ചൗധരിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമർശം.

പശ്ചിമ യു.പി.യിൽ ബി.ജെ.പിയുടെ സൂര്യൻ അസ്തമിക്കുമെന്നും ജനങ്ങളുടെ ആവേശം കണ്ടിട്ട് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ അതു സംഭവിക്കുമെന്ന് തോന്നുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

വളരെ ആലോചിച്ചാണ് മഹാസഖ്യത്തിൽ ചേർന്നതെന്നും ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കർഷകരും യുവാക്കളും സ്ത്രീകളും കഷ്ടപ്പെടുകയാണെന്നും ജയന്ത് ചൗധരിയും പറഞ്ഞു. നേരത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ വാഗ്ദാനം ജയന്ത് ചൗധരി തള്ളിയിരുന്നു.

ലഖിംപൂർ ഖേരി കർഷക കൊലപാതകവും കാർഷിക സമരങ്ങൾക്കെതിരെയുള്ള കർഷക സമരവും ജാട്ട് സമുദായത്തെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഷായുടെ സന്ദർശനം. ആർ.എൽ.ഡി ജാട്ടുകളെ സ്വാധീനിക്കുന്നത് തടയുകയാണ് ലക്ഷ്യം. കരിമ്പുകർഷകർക്കുള്ള ആനുകൂല്യങ്ങളും തൊഴിൽ വാഗ്ദാനവും നൽകി ഷാ ജാട്ട് നേതാക്കളെ കാണുന്നുണ്ട്.

403 അംഗ യു.പി നിയമസഭയിലെ നിർണായകമായ 130ഒാളംസീറ്റുകൾ പശ്ചിമ മേഖലയിലാണ്. 2017ലെ നിയസഭ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇവിടെ ബി.ജെ.പി മേൽക്കൈ നേടിയിരുന്നു. ഇന്നലത്തെ ഷായുടെ പ്രചാരണ പരിപാടിയിൽ വൻ തോതിൽ ജനക്കൂട്ടമെത്തിയത് ബി.ജെ.പിക്ക് ആശ്വാസം നൽകുന്നു. ജനത്തിരക്ക് മൂലം ഷായുടെ പ്രചാരണ വാഹനം വഴി തിരിച്ചു വിടേണ്ടി വന്നു.