ather

ന്യൂഡൽഹി: ഉപഭോക്താക്കൾക്കിടയിലെ ആവശ്യകത വർദ്ധിച്ചതോടെ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇലക്ട്രിക്ക് സ്കൂട്ടർ നി‌ർമാതാക്കളായ ഏഥർ എനർജി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പത്ത് ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകൾ പ്രതിവർഷം വിപണിയിൽ എത്തിക്കാനാണ് ഏഥർ എനർജിയുടെ പദ്ധതി. ഇതിനു 13.3 കോടി രൂപയുടെ അധിക നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനോടകം തന്നെ 5.6 കോടി രൂപ ഹീറോ മോട്ടോഴ്സുമായുള്ള സഹകരണം വഴി ഏഥർ കണ്ടെത്തികഴിഞ്ഞു. 2013ൽ പ്രവ‌ർത്തനം ആരംഭിച്ച കമ്പനി ഏകദേശം 1200 കോടി രൂപ ഇതിനോടകം രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

ഒരു വ‌ർഷം മുമ്പ് വരെ പ്രതീക്ഷിച്ചിരുന്ന നിലയിലല്ല ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനവിപണിയുടെ പോക്കെന്നും കൂടുതൽ പേർ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഏഥ‌ർ എന‌ജി സി ഇ ഒ തരുൺ മെഹ്ത പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന അഞ്ചിരട്ടിയായി ഉയ‌ർന്നിരുന്നു. ഉയർന്ന ഇന്ധനവില തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. പലരും പെട്രോൾ വാഹനങ്ങൾ ഒഴിവാക്കി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിയുന്നുണ്ടെന്നും വാഹന മേഖലയിലെ വിദഗ്‌ദ്ധ‌ർ വ്യക്തമാക്കി.