
ഫീനിക്സ് : യു.എസിലെ അരിസോണയിൽ പർവതത്തിന് മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെ കാൽ വഴുതി 700 അടിയോളം താഴ്ചയിൽ വീണ യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു അപകടം. 21 കാരനായ റിച്ചാർഡ് ജേക്കബ്സൺ ആണ് മരിച്ചത്.
റിച്ചാർഡിനൊപ്പം ഇവിടേക്ക് ഹൈക്കിംഗിനെത്തിയ മറ്റ് സുഹൃത്തുക്കൾ അപകടവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹെലികോപ്ടർ ഉൾപ്പെടെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇതാദ്യമായല്ല സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുന്നത്. 2011- 2017 കാലയളവിൽ 259 പേരാണ് സെൽഫിയെടുക്കാൻ ശ്രമിക്കവെ മരിച്ചതെന്ന് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയർ ജേർണലിൽ സൂചിപ്പിക്കുന്നു.